കൽപ്പറ്റ: നീതിയാത്ര സ്പോണ്‍സേഡ് സമരമല്ലെന്നു വാളയാർ പെണ്‍കുട്ടികളുടെ അമ്മ. ഭർത്താവിനും വാളയാർ നീതി സമരസമിതി പ്രവർത്തകരായ കെ. വാസുദേവൻ, ഡോ.പി.ജി. ഹരി എന്നിവർക്കുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നീതിയാത്ര തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ രാഷ്ട്രീയ താത്പര്യത്തോടെ സംഘടിപ്പിച്ച സമരമാണെന്ന ആരോപണം അവർ തള്ളിയത്.
മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസുകൾ അട്ടിമറിച്ചതിനു പിന്നാലെ 2019 നവംബറിൽ ആരംഭിച്ച സമരത്തിന്റെ തുടർച്ചയാണ് നീതിയാത്ര.
പെണ്‍കുട്ടികളുടെ മരണത്തിൽ പുനരന്വേഷണവും കേസ് അട്ടിമറിച്ച പോലീസ് അധികാരികൾക്കെതിരെ ക്രിമിനൽ നടപടിയും തേടിയാണ് നീതിയാത്ര.
കേരളത്തിലെ മുഴുവൻ പെണ്‍കുട്ടികൾക്കും സുരക്ഷിതരായി ജീവിക്കാൻ കഴിയണം. പോലീസിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
ഇതാണ് നീതിയാത്രയിലെ രാഷ്ട്രീയം. വികല ബുദ്ധികളാണ് യാത്രാലക്ഷ്യത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതും സ്പോണ്‍സേഡ് സമരമായി ചിത്രീകരിക്കുന്നതും.
ഇനി അധികാരത്തിൽ വരുന്നതു യുഡിഎഫ് സർക്കാരാണെങ്കിലും നീതി ലഭിക്കുന്നതുവരെ സമരം തുടരും. തന്റെ മക്കൾക്കുണ്ടായ ദുർഗതി കേരളത്തിൽ ഇനി മറ്റൊരു മക്കൾക്കും ഉണ്ടാകരുത്.
ക്രൂരകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കു ഭരണകൂടം സ്ഥാനക്കയറ്റം നൽകുന്ന സ്ഥിതി ആവർത്തിക്കാൻ പാടില്ലെന്നും വാളയാർ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ സംഭവത്തിൽ തുടരന്വേഷണമല്ല, പുനരന്വേഷണമാണ് വേണ്ടതെന്നു സമരസമിതി പ്രവർത്തകരായ കെ. വാസുദേവനും ഡോ.പി.ജി. ഹരിയും പറഞ്ഞു.
13ഉം ഒന്‍പതും വയസുള്ള പെണ്‍കുട്ടികൾ ക്രൂരമായി പീഡപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസ് അട്ടിമറിച്ചതിനു പിന്നിൽ ഭരണത്തിൽ സ്വാധീനമുള്ള അദൃശ്യകരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
കേസിലെ പ്രതികൾ പ്രാദേശികമായി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കൂലിപ്പണിക്കാരാണ്. ഇവരെ സംരക്ഷിക്കുന്നതിനായി പോലീസ് കേസ് ദുർബലപ്പെടുത്തിയെന്നു കരുതാനാകില്ല.
പെണ്‍കുട്ടികളുടെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചെന്നു സംശയിക്കുന്ന അദൃശ്യകരങ്ങളെ സംരക്ഷിക്കുന്നതിനാണ് കേസ് അട്ടിമറിച്ചത്. ഈ അദൃശ്യകരങ്ങൾ ആരുടേതാണന്നു വ്യക്തമാകുന്നതിനു കേസിൽ പുനരന്വേഷണമാണ് ആവശ്യം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുക വഴി സർക്കാർ കേരള സമൂഹത്തെ പരിഹസിക്കുകയാണ്.
കേസ് ആസൂത്രിതമായി ദുർബലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. എന്നാൽ അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിക്കു സ്ഥാനക്കയറ്റം നൽകുയാണ് ചെയ്തത്.
നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി വാക്കുനൽകിയ മറ്റൊരു ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ തുടരുകയാണ്.
കേസ് സിബിഐക്കു വിടുന്നതിനു സർക്കാർ ഉത്തരവിറക്കിയെങ്കിലും മൂത്ത കുട്ടിയുടെ മരണം മാത്രം അന്വേഷിക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്.
ഇതിലെ അപാകം തിരിച്ചറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മയും സമരസമിതിയും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു രണ്ടു കുട്ടികളുടെയും മരണം അന്വേഷണത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായി.
പക്ഷേ, തുടരന്വേഷണത്തിനാണ് വിജ്ഞാപനം ഇറക്കിയത്. സിബിഐ ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പട്ടിരിയാണ്.
കേസ് അട്ടിമറിച്ചവരെ പുനരന്വേഷണം ഒഴിവാക്കി സംരക്ഷിക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നതെന്നും സമിതി പ്രവർത്തകർ പറഞ്ഞു.
നീതിയാത്രയ്ക്കു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
മാനന്തവാടിയിൽ നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ജയലയക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. സി.ആർ. നീലകണ്ഠൻ, പി.ടി.ജോണ്‍, ഫാ.ബേബി ചാലിൽ, അജി കൊളോണിയ, അഡ്വ.ജവഹർ, പടയൻ അമ്മത്, സിസിലി, സെയ്ത്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, വാളയാർ കുട്ടികളുടെ അമ്മ എന്നിവർ പ്രസംഗിച്ചു.