ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി മുമ്മദ് റിയാസ്. വള്ളകളിക്ക് എല്ലാ പിന്തുണയും നല്കാന് ടൂറിസം വകുപ്പ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ വള്ളംകളി നടത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്.
ആലപ്പുഴ എംഎല്‍എ പി. പി. ചിത്തരഞ്ജനും ഓണത്തിനു ശേഷം വള്ളംകളി നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ സിപിഐയും നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന നിലപാടിലാണ്. ഇക്കാര്യം പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് അറിയിച്ചു.
നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണു വള്ളംകളിയുടെ സംഘാടകരെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുഴുവൻ സര്‍ക്കാര്‍ ആഘോഷങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബറിലെ ഓണാഘോഷ പരിപാടി മാത്രമാണു സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമല്ല
ഡിസംബറില്‍ ബേപ്പൂരില്‍ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ജൂലൈ എട്ടിനു നടന്ന വര്‍ക്കിംഗ് ഗ്രൂപ്പിലാണു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.വള്ളംകളിയുടെ ജനകീയതയെക്കുറിച്ചും നാടിന്റെ വികാരത്തെക്കുറിച്ചും ടൂറിസം വകുപ്പിനു നല്ല ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഗ്രാന്റ് നല്കുമെന്ന്മന്ത്രി പറഞ്ഞില്ല
ചാന്പ്യന്‍സ് ബോട്ട് ലീഗ് മാറ്റിവയ്ക്കുകയാണുണ്ടായതെന്നു മന്ത്രി പറയുമ്പോഴും ഈ വര്‍ഷം സിബിഎല്‍ നടത്തുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. നെഹ്റു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി എന്നു തീരുമാനിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
വള്ളംകളിയുമായി സഹകരിക്കുമെന്നു പറഞ്ഞെങ്കിലും സര്‍ക്കാര്‍ ഗ്രാന്റായി നല്കുന്ന ഒരു കോടി രൂപ നല്‍കുമോയെന്നു മന്ത്രി വ്യക്തമാക്കിയിട്ടില്ല.
നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരം: മന്ത്രി വി.എന്‍. വാസവന്
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും വള്ളംകളി അനിശ്ചിതമായി മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വി.എന്‍. വാസവന്. നെഹ്റുട്രോഫി നടത്തും. നടത്തണമെന്നുതന്നെയാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കഴിയുന്നത്ര നേരത്തേ വള്ളംകളി നടത്തുമെന്നും വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.