കസബ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് നടി നേഹ സക്സേന. മലയാളിയായ ഒരു സംവിധായകനെ കുറിച്ച് നടി ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ സിനിമാരംഗത്ത് ചൂടേറിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
സിനിമാ സെറ്റില്‍ നേരിടേണ്ടി വന്ന പീഡനവും ഭീഷണിയും സൂചിപ്പിച്ച് നടി സെന്‍ട്രല്‍ ബംഗളൂരു പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.നേഹയുടെ വെളിപ്പെടുത്തൽ ഇങ്ങനെ… മലയാളി സംവിധായകന് ഒരുക്കുന്ന തമിഴ് സിനിമയുടെ സെറ്റിലാണ് പീഡനം നേരിടേണ്ടി വന്നത്.
സംവിധായകന്റെ മകന് തന്നെയായിരുന്നു ചിത്രത്തില്‍ നായക വേഷം ചെയ്തത്. ഇയാളുടെ ആദ്യ സിനിമയാണിത്. പ്രകാശ് രാജ് അല്ലെങ്കില്‍ നാസര്‍ എന്നിവരില്‍ ആരെങ്കിലും ഒരു പ്രധാന റോളിലുണ്ടാകുമെന്നും സംവിധായകന് പറഞ്ഞിരുന്നു. കോവിഡ് കാരണം പ്രതിസന്ധിയിലായതിനാല്‍ സിനിമയ്ക്ക് വേണ്ടി ഓകെ പറഞ്ഞു.
50,000 രൂപ അഡ്വാന്‍സ് തന്ന് കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി ആദ്യ ദിവസത്തില്‍ തന്നെ എനിക്ക് ചില സംശയങ്ങളുണ്ടായി. അസ്വസ്ഥമാക്കുന്ന പല അനുഭവങ്ങളും നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിന് ശേഷം സംവിധായകനോട് പറഞ്ഞു.
എന്നാല്‍ സംവിധായകൻ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. നിര്‍മാതാവിന് മാഫിയകളുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കാസിനോയില്‍ പീഡനത്തിന് വേണ്ടിയുള്ള ഒരു മുറിയുണ്ട്. അവിടെ വച്ച് പീഡിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും ഒരുപക്ഷേ വെടിവച്ച് കൊല്ലാനും അവര്‍ക്ക് സാധിക്കുമെന്നും സംവിധായകന് ഭീഷണിപ്പെടുത്തി.
അഡ്വാന്‍സ് നല്കിയ പണം തിരിച്ചുതരാമെന്ന് ഞാന്‍ പറഞ്ഞു. പ്രകാശ് രാജോ, നാസറോ സിനിമയുടെ ഭാഗമായില്ല.ചിത്രീകരണം പൂര്‍ത്തിയാക്കാതെ പോകരുതെന്നും അത് ടീമിലെ ഒരുപാട് പേരെ ബാധിക്കുമെന്നും സംവിധായകന് പറഞ്ഞതു പ്രകാരം ഞാന്‍ അവിടെ സഹിച്ചുനിന്നു.
ഷൂട്ടിംഗ് പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങിയാല്‍ ഒരുപക്ഷേ എന്റെ പ്രഫഷണല്‍ ജീവിതത്തെ ബാധിച്ചെന്നുവരാം. അക്കാര്യംകൂടി പരിഗണിച്ചാണ് ഞാന്‍ അവിടെ തന്നെ നിന്നത്. കൂടെ അഭിനയിച്ച താരത്തിന്റെ ഭര്‍ത്താവ് എന്നോട് കലഹിച്ചു.
സംവിധായകനോട് ചില പരാതികള്‍ പറഞ്ഞതാണ് കാരണം. സംവിധായകന്റെ മകനും അയാള്‍ക്കൊപ്പം ചേര്‍ന്നു.
സെപ്റ്റംബര്‍ 19ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും ദുരനുഭവമുണ്ടായി. ഒരു രാത്രി തനിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയണമെന്ന ഹോട്ടല്‍ ഉടമ ആവശ്യപ്പെട്ടു.
ഞാന്‍ സംവിധായകനോട് പരാതിപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് കാര്യമാക്കിയില്ല. ചിത്രീകരണത്തിനിടെ സംവിധായകന്റെ മകന് കഴുത്തിന് പിടിച്ച് കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ടു. ഇത് കാരണം ശക്തമായ പുറംവേദനയുണ്ടായി. പിന്നീട് ഡയറക്ടര്‍ ഖേദം പ്രകടിപ്പിച്ചെന്നും രണ്ടു ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാമെന്നും പറഞ്ഞു.
ഷൂട്ടിംഗിന്റെ അവസാന ദിനത്തില്‍ പ്രതിഫലം ചോദിച്ച് ഞാന്‍ മെസേജ് അയച്ചു. ശേഷം സെറ്റില്‍ വച്ചും പറഞ്ഞു. ഇനിയും പത്ത് ദിവസം കൂടി കാത്തിരിക്കണമെന്നും നേരത്തെ പറഞ്ഞതിന്റെ പത്തു ശതമാനം മാത്രമേ നല്‍കാനാകൂ എന്നുമായിരുന്നു സംവിധായകന്റെ മറുപടി.
ആദ്യമായിട്ടാണ് ഇത്തരം അനുഭവം. നിര്‍മാതാവിന് മുന്നില്‍ വച്ച് സംവിധായകന് എന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചു.ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ഞാനെടുത്തിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് വേഗം രക്ഷപ്പെടണമെന്ന് റിസപ്ഷനില്‍ നിന്ന് ഒരാള്‍ എന്നെ വിളിച്ചുപറഞ്ഞു.
ഒരു സുഹൃത്തിന്റെ സഹായത്തോടെ വേഗം ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടു. ശേഷം പോലീസില്‍ പരാതി നല്കി. എല്ലാ തെളിവുകളും കമ്മീഷണര്‍ക്ക് കൈമാറി. സംവിധായകന്, നിര്‍മാതാവ് എന്നിവരെ പോലീസ് വിളിപ്പിച്ചു. ആദ്യം പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കിലും ഞാന്‍ തെളിവുകള്‍ കൈമാറിയതോടെ അവര്‍ മാപ്പ് പറഞ്ഞു. പ്രതിഫലം കിട്ടുന്നതിന് പോലീസ് എന്നെ സഹായിച്ചു.