രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതിന്റെ ദേഷ്യത്തില്‍ വെറും നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. എട്ടുവയസുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ രോഷം പൂണ്ടാണ് നേഹ ഗോയല്‍(35) എന്ന യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് എയര്‍കണ്ടീഷനറിനുള്ളില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം 26 ന് ജയ്പൂരില്‍ ആയിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസിന്റെ വിശദീകരണം ഇങ്ങനെ: രണ്ടാമത്തെ കുഞ്ഞിനെ കാണാനില്ലെന്ന് നേഹ അറിയിച്ച പ്രകാരം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. വീട്ടിലെത്തി വ്യാപക പരിശോധന നടത്തിയ പൊലീസ് സംഘം വീട്ടിനുള്ളിലെ ഉപയോഗശൂന്യമായ ഒരു എയര്‍കണ്ടീഷറിനുള്ളില്‍ നിന്ന് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കമ്പിളി പുതപ്പിനാല്‍ മൂടിയ മൃതദേഹത്തില്‍ കത്തികൊണ്ടാക്രമിച്ച 17ഓളം മുറിവുകളുണ്ടായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ത്തന്നെയുള്ള ആളാണ് കൊലപാതകം നടത്തിയതെന്നു സൂചന ലഭിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുകയും മാതാവ് നേഹയുടെ മുറിയില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ മുറിക്കൊപ്പമുളള ശുചിമുറിക്കുള്ളില്‍നിന്ന് രക്തം കണ്ടു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നേഹ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു ആണ്‍കുട്ടി വേണമെന്ന് നേഹ ആഗ്രഹിച്ചതായും അതിനായി പ്രാര്‍ഥനയും പൂജയുമടക്കം നടത്തിയെന്നും പോലീസ് പറഞ്ഞു.