തെന്നിന്ത്യൻ സിനിമാലോകത്ത് നടിമാർ വിവേചനമനുഭവിക്കുന്നുവെന്ന ആരോപണവുമായി ബോളിവുഡ് താരം നേഹ ധുപിയ. കുറേ വർഷങ്ങൾക്കു മുന്പ് ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നേഹ വെളിപ്പെടുത്തിയത്.
നല്ല വിശപ്പനുഭവപ്പെട്ടപ്പോൾ ഭക്ഷണത്തിനായി ചെന്ന നേഹ ധുപിയയ്ക്ക് ലഭിച്ച മറുപടി ആദ്യം നായകനടൻ ഭക്ഷണം കഴിക്കട്ടെ അതു കഴിഞ്ഞ് ഭക്ഷണം കഴിച്ചാൽ മതിയെന്നാണ്. നായകനടൻ അപ്പോൾ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു.
അതു കഴിഞ്ഞ് അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം നടിക്ക് ഭക്ഷണം വിളന്പിയാൽ മതിയെന്നായിരുന്നു അന്ന് ലഭിച്ച നിർദേശം. അന്ന് അത് അതത്ര കാര്യമാക്കിയില്ലെന്നും നടി പറയുന്നു. പക്ഷെ ഇത്തരമനുഭവം പിന്നീട് ഒരു സെറ്റിലും തനിക്കുണ്ടായിട്ടില്ലെന്നും താരം പറയുന്നു. ഹിന്ദി നടിയായ നേഹ ധുപിയ നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനി, ജാപ്പനീസ് സിനിമകളിലും അഭിനയിച്ചിട്ടുള്ള നേഹ സിനിമയിലെത്തുന്നത് ഒരു മലയാള ചിത്രത്തിലൂടെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരത്തിൽ ബാലതാരമായിട്ടാണ് നേഹയുടെ അരങ്ങേറ്റം.