കൊച്ചി: യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവുമൊത്ത് താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.