കൊച്ചി: യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നേഹയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നേഹ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
നേഹയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസുമായി ബന്ധപ്പെട്ട് നില്ക്കുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നു.
നേഹ സ്വയം ജീവിതം നശിപ്പിക്കില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് നേഹയുടെ മൊബൈല്‍ പരിശോധിക്കണമെന്നും വാട്സ്ആപ്പ് ചാറ്റുകളും അന്വേഷണ വിധേയമായി പരിശോധിച്ച് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം പരാതിയില്‍ ആവശ്യപ്പെടുന്നു.
നേഹ താമസിച്ചിരുന്ന മുറിയില്‍ നിന്നും ലഹരി മരുന്ന കണ്ടെത്തിയതിന് പിന്നില്‍ കേസില്‍ ഉള്‍പ്പെട്ട ചിലരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുബം ആരോപണമുന്നയിച്ചിരുന്നു.
അതേസമയം നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ നേഹയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ മയക്കുമരുന്ന് എത്തിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാമാണെന്നും സിദ്ധാര്‍ഥ് പോലീസിനോട് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.