കഠിനാധ്വാനം, ദൃഢനിശ്ചയം- ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വിശേഷിപ്പിക്കാനാവില്ല, നേഹ കക്കർ എന്ന ഗായികയെ. നാലാം വയസിൽ ചെറിയ സദസുകളിൽ നേഹ ഭജനുകൾ പാടിയിരുന്നത് നേരംപോക്കിനായിരുന്നില്ല.
കുടുംബത്തിന്റെ കൈപിടിക്കാനായിരുന്നു. ഇന്നു രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഗായികമാരിൽ ഏറ്റവും മുന്നിലാണ് മുപ്പത്തിമൂന്നുകാരിയായ നേഹ.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു സിനിമാപ്പാട്ടിന് 20 ലക്ഷം രൂപയ്ക്കു മുകളിലാണ് അവരുടെ പ്രതിഫലം. തുടക്കത്തിൽപ്പറഞ്ഞ രണ്ടു വിശേഷണങ്ങൾക്കൊപ്പം അവർ ഒരു വാക്കുകൂടി സ്വയം ഉണ്ടാക്കിയെടുത്തു- ആത്മവിശ്വാസം!
ജനനം മുതൽ അതിശയം
ഉത്തർപ്രദേശിലെ ഋഷികേശിൽ നിധി കക്കറിന്റെയും ഋഷികേശ് കക്കറിന്റെയും മൂന്നാമത്തെ മകളായാണ് നേഹ ജനിച്ചത്.
കുടുംബത്തിലെ സാന്പത്തിക പരാധീനതകൾ നിമിത്തം മൂന്നാമതൊരു കുഞ്ഞിനെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ലെന്ന് മൂത്ത സഹോദരൻ ടോണി കക്കർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഗർഭഛിദ്രം നടത്തുന്നതുപോലും അവർ അന്നാലോചിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നേഹ കക്കർ എന്ന ഗായികയെ രാജ്യത്തിനു ലഭിക്കുമായിരുന്നില്ല. ഒരു കളിപ്പാട്ടംപോലും ഇല്ലാത്ത കുട്ടിക്കാലമായിരുന്നു അവരുടെത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതതേടി ഡൽഹിയിലേക്കു മാറി. അവിടെവച്ചാണ് നേഹ ഭജനുകൾ പാടിത്തുടങ്ങിയത്.
സഹോദരി സോനു കക്കർ പാടുന്നതു കേട്ടാണ് നേഹയ്ക്ക് പാടാൻ മോഹമുദിച്ചത്. “ഒരാൾക്കു ചെയ്യാനാവുന്ന ഏറ്റവും മനോഹരമായ കാര്യം പാടുക എന്നതാ’ണെന്നു തിരിച്ചറിഞ്ഞ നേഹ ഒരു ഗായികയാവുന്നതു സ്വപ്നംകണ്ടുതുടങ്ങി.
സഹോദരനോടൊപ്പം 2004ൽ നേഹ മുംബൈയിലേക്കു വന്നു. കൂടുതൽ അവസരങ്ങൾ തേടിയായിരുന്നു ആ വരവ്. പതിനെട്ടാം വയസിൽ ഇന്ത്യൻ ഐഡൽ എന്ന ടെലിവിഷൻ സംഗീതപരിപാടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടക്കത്തിൽത്തന്നെ പുറത്തായി.
റോക്ക്സ്റ്റാർ നേഹ
2008 മുതൽ കൂടുതൽ സജീവമായി സംഗീതരംഗത്തു നിലയുറപ്പിച്ച നേഹ ഒരു റോക്ക് ആൽബം പുറത്തിറക്കി- നേഹ ദ റോക്ക് സ്റ്റാർ. ശബ്ദം അന്നേ ശ്രദ്ധിക്കപ്പെട്ടു.
സഹോദരന്റെ ഈണത്തിൽ റോമിയോ ജൂലിയറ്റ് എന്ന ആൽബവും ഇറക്കി. അതേവർഷംതന്നെ സിനിമയിലും അവസരം കിട്ടി. മീരാബായ് നോട്ട് ഒൗട്ട് എന്ന ചിത്രത്തിൽ സുഖ്വിന്ദർ സിംഗിനൊപ്പമുള്ള യുഗ്മഗാനമായിരുന്നു അത്.
തൊട്ടടുത്തവർഷം സാക്ഷാൽ എ.ആർ. റഹ്മാന്റെ ഈണത്തിൽ ബ്ലൂ എന്ന ചിത്രത്തിൽ ഒരു സംഘഗാനവും നേഹയെ തേടിയെത്തി. 2010ൽ ഇസീ ലൈഫ് മേ എന്ന ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയുടെ വേഷത്തിൽ സ്ക്രീനിലുമെത്തി.
ഹിന്ദിക്കു പുറമേ ഇതരഭാഷകളിൽ പാടാൻ അവസരവും കിട്ടി. തുടർന്നങ്ങോട്ട് വിജയങ്ങളുടെ കാലമായിരുന്നു.
2014ൽ ഹണി സിംഗിനൊപ്പം പാടിയ സണ്ണി സണ്ണി എന്ന ഗാനവും, പിന്നീട് ക്വീൻ എന്ന പ്രശസ്തമായ ചിത്രത്തിലെ ലണ്ടൻ തുമക്ദാ എന്ന പാട്ടും നേഹയെ പ്രശസ്തിയുടെ പടവുകളിലേക്കു കൈപിടിച്ചു നടത്തി.
സെക്കൻഡ് ഹാൻഡ് ജവാനി, കാലാ ചഷ്മാ, ചീസ് ബഡി, ദിൽബർ, ആഖ് മാരി, കൊക്ക കോള, ഓ സാകി സാകി, ഏത് തോ കം സിന്ദ്ഗാനി, ലംബോർഗിനി തുടങ്ങിയ പാട്ടുകളിലൂടെ കൊടുമുടിയിലെത്തുകയും ചെയ്തു.
ആദ്യം മത്സരിക്കാനെത്തിയ ഇന്ത്യൻ ഐഡലിന്റെ വിധികർത്താവായും നേഹ എത്തി. ഒട്ടേറെ റീമിക്സ് ഗാനങ്ങളും ജനപ്രീതി നേടി.
മറന്നില്ല, ആ ഒറ്റമുറിവീട്
നേഹയുടെ ആഡംബര വസതിയുടെ ചിത്രങ്ങൾ അടുത്തകാലത്ത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനിടയിലും താൻ ജനിച്ചുവളർന്ന ഒറ്റമുറി വാടകവീടിനെക്കുറിച്ചു പറയാൻ നേഹ മടികാണിച്ചില്ല.
ഭക്ഷണം പാകംചെയ്തിരുന്നതും ഉറങ്ങിയിരുന്നതുമെല്ലാം ഒരേ മുറിയിലായിരുന്നു. പിന്നിട്ട വഴികളെക്കുറിച്ചും തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കുന്പോൾ കരച്ചിൽവരുമെന്ന് നേഹ പറയാറുമുണ്ട്.
അങ്ങനെ പലവേദികളിൽ പലവട്ടം കരഞ്ഞതോടെ ക്രൈ ബേബി എന്ന പേരും ചാർത്തി സോഷ്യൽ മീഡിയ. ദേശി ഷക്കീറ എന്ന മറ്റൊരു വിളിപ്പേരും കിട്ടിയിരുന്നു.
യുട്യൂബ് അടക്കം എല്ലാ പ്ലാറ്റ്ഫോമുകളിലും ശ്രദ്ധിക്കപ്പെട്ടതോടെ ട്രോളുകളുടെ കേന്ദ്രമായും നേഹ മാറി. മിക്കപ്പോഴും ഉയരക്കുറവായിരുന്നു കളിയാക്കാനെത്തുന്നവരുടെ വിഷയം.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്, അനുഷ്ക ശർമ തുടങ്ങിയവരുടെ വിവാഹ വേഷങ്ങൾ തന്റെ വിവാഹത്തിന് കോപ്പിയടിച്ചു എന്ന ട്രോളും നേഹയ്ക്ക് ഏൽക്കേണ്ടിവന്നു.
എല്ലാറ്റിനെയും അവർ ആത്മവിശ്വാസത്തോടെ ചിരിച്ചു നേരിട്ടു. ഗ്രാമി ജേതാവ് ബില്ലി ഐലിഷ് ഉൾപ്പെടെയുള്ള പ്രമുഖരെ മറികടന്ന് യുട്യൂബിൽ ഏറ്റവുമധികം പേർ തെരഞ്ഞ പേരായിരുന്നു ഒരിക്കൽ നേഹ കക്കർ എന്നത്. 450 കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു നേഹയുടെ സംഗീത വീഡിയോകൾ.
സ്വയം നടന്ന വഴികൾ മറക്കുന്നില്ല എന്നതുതന്നെയാണ് നേഹയെ വ്യത്യസ്തയാക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കവേ അതിഥിയായെത്തിയ ആദ്യകാല ഗാനരചയിതാവ് സന്തോഷ് ആനന്ദിന് അഞ്ചു ലക്ഷം രൂപ സമ്മാനം നൽകി നേഹ കാഴ്ചക്കാരെ ഞെട്ടിച്ചിട്ടുണ്ട്.
പതിവുപോലെ കണ്ണീരണിഞ്ഞാണ് നേഹ ഇക്കാര്യവും വെളിപ്പെടുത്തിയത്. ഗായകൻകൂടിയായ രോഹൻപ്രീത് സിംഗ് ആണ് നേഹയുടെ ജീവതപങ്കാളി.
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ആറുകോടി പിന്നിട്ടത് കേക്കു മുറിച്ച് ആഘോഷിക്കുന്ന ഇരുവരുടെയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
ഹരിപ്രസാദ്