ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ബീഹാറിലെ ബാഗല്‍പൂരിലെ എംഎല്‍എയുമായ അജയ് ശര്‍മയുടെ മകളാണ് നേഹ ശര്‍മ. അദ്ദേഹം തന്നെയാണ് മകളുടെ രാഷ്ട്രിയ പ്രവേശനത്തെ പറ്റി സൂചന നൽകിയത്. കോണ്‍ഗ്രസ് ആര്‍ജെഡിയുമായി ഈ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
‘ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എന്റെ മകളെ അവിടെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും മത്സരിക്കും’ എന്ന് അജയ് ശർമ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ബീഹാറിൽനിന്ന് ഇന്ത്യ മുന്നണി തുടച്ചുമാറ്റുമെന്നും അധികാരത്തിൽ നിന്ന് മോദിയെ താഴെയിറക്കുന്നതിൽ ബീഹാർ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.