മട്ടന്നൂർ: നിർധന കുടുംബത്തിനു വിദ്യാർഥികളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. നടുവനാട്ടെ മുഹമ്മദ് റാഫി-ഖദീജ ദമ്പതികൾക്ക് ശിവപുരം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം ഫെബ്രുവരി രണ്ടിനു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തറകെട്ടി ചുമർപാതി വഴിയിൽ നിലച്ചുപോയ വീടിന്റെ നിർമാണം ശിവപുരം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഏറ്റെടുക്കുന്നത്. മുഹമ്മദ് റാഫി-ഖദീജ ദമ്പതികളുടെ നാലുമക്കളിൽ മൂന്നുപേരും ശിവപുരം ഹയർസെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ഇരിട്ടി നഗരസഭയിൽ നിന്നു അനുവദിച്ച തുക ഉപയോഗിച്ച് നിർമാണം തുടങ്ങിയ വീടിന്റെ പ്രവൃത്തി സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതിവഴിയിലാകുകയായിരുന്നു.
അസുഖബാധിതനായ മുഹമ്മദ് റാഫിക്ക് ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടുകൂടിയാണ് ഈ കുടുംബത്തിന്റെ വീട് എന്ന സ്വപ്നം പാതിവഴിയിൽ നിലച്ചുപോയത്. ഈ ഘട്ടത്തിലാണ് നാഷണൽ സർവീസ് സ്കീം സ്കൂളിലെ അധ്യാപകരിൽ നിന്നു ഈ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി സഹായഹസ്തവുമായി എത്തിയത്.
നടുവനാട് വാർഡ് കൗൺസിലർ പി.വി. മോഹനൻ ചെയർമാനായും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്.ബി. ഷിനോയ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു വീട് നിർമാണത്തിനു ആവശ്യമായ തുക സമാഹരിക്കുകയും ചെയ്തു.
എൻഎസ്എസ് വളണ്ടിയർമാർക്കൊപ്പം നാട്ടുകാരും വീട് നിർമാണത്തിൽ പങ്കാളികളായി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനയായ സ്മൃതിലയ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ കൂടി ഒത്തുചേർന്നതോടെ വീട് നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു. ആറ് മാസത്തിനുള്ളിലാണ് കോൺക്രീറ്റ് വീടിന്റെ നിർമാണം പൂർത്തീകരിച്ചതെന്നു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്.ബി. ഷിനോയ് പറഞ്ഞു.
എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർഥികളും വീടിന്റെ കോൺക്രീറ്റു പ്രവൃത്തിയിൽ ഏർപ്പെട്ടതായി വിദ്യാർഥിനി പറഞ്ഞു. കഴിഞ്ഞ വർഷം വെമ്പടി കോളനിയിൽ ജനകീയ കമ്മിറ്റിയുമായി ചേർന്ന് വീട് നിർമാണം നടത്തി താക്കോൽദാനം നടത്താൻ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനു സാധിച്ചിരുന്നു.
സ്നേഹ വീടിന്റെ താക്കോൽദാനം ഫെബ്രുവരി രണ്ടിനു നടുവനാട് എൽപി സ്കൂളിൽ വച്ച് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകൻ എന്നിവർ മുഖ്യാതിഥികളാകും.