കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ പി.വി. പുഷ്പജയെ അധിക്ഷേപിച്ച് പോസ്റ്റർ പതിക്കുകയും കാമ്പസിനകത്ത് പടക്കംപൊട്ടിച്ച് ആഹ്ലാദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ മൂന്നു വിദ്യാർഥികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെ പ്രിൻസിപ്പൽ നേരിട്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
ബിരുദ വിദ്യാർഥികളായ ഉപ്പളയിലെ മുഹമ്മദ് അനീസ്, പടന്നക്കാട് കുറുന്തൂറിലെ എം.വി. പ്രവീണ്‍, കോട്ടച്ചേരി കുന്നുമ്മലിലെ ശരത് ദാമോദരൻ എന്നിവർക്കെതിരെയാണു കേസ്.
സെക്ഷൻ 286 അനുസരിച്ചു പൊതുസ്ഥലത്ത് മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനും 120 ബി, 120 എന്നീ വകുപ്പുകൾ അനുസരിച്ച് ഗൂഢാലോചന, മനഃപൂർവം അപമാനിക്കൽ, മൊബൈൽ ഫോണിൽ അപമാനിക്കുന്ന സന്ദേശം നൽകൽ എന്നിവയ്ക്കാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആറു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ നൽകാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.