കായംകുളം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി ശിശുദിന റാലിക്ക് ബാനര്‍ നിര്‍മിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറിയും കായംകുളം നഗരസഭ 34-ാം വാര്‍ഡ് കൗണ്‍സിലറുമായ ഡി. അശ്വനിദേവിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച ബാനറില്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്പ്പെടുത്തുകയിരുന്നു എന്നാണ് ആക്ഷേപം.
വാര്‍ഡിലെ അംഗന്‍വാടിയിലെ കുട്ടികളെ അണിനിരത്തിയാണ് റാലി നടത്തിയത്. റാലിക്കിടയില്‍ ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും നെഹ്റുവിന്റെ ചിത്രം ബാനറില്‍ പതിക്കുകയും ചെയ്തു. ഇതിനെതിരേ കൗണ്‍സിലറും രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായതോടെ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഇന്നലെ കുട്ടികളെ പങ്കെടുപ്പിച്ച് കായംകുളത്ത് പ്രതിഷേധ റാലി നടന്നു. കായംകുളം നഗരം ചുറ്റി നടന്ന പ്രതിഷേധ റാലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ അവസാനിച്ചു. പ്രതിഷേധ യോഗം കെപിസിസി നിര്‍വാഹകസമിതി അംഗം എന്‍. രവി ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ചതിലൂടെ ഭാരതത്തെയാണ് അധിക്ഷേപിച്ചതെന്നും ഇതിനെതിരെ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ് എടുക്കണമെന്നും, നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ റാലി നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എം. നൗഫല്‍, കെപിസിസി സെക്രട്ടറി ത്രിവിക്രമന്‍ തമ്പി, കറ്റാനം ഷാജി, എ.ജെ. ഷാജഹാന്, എ.പി. ഷാജഹാന്, കടയില്‍ രാജന്, അവിനാശ് ഗംഗന്, നിതിന്‍ പുതിയിടം, വള്ളിയില്‍ റസാഖ്, ഷാനവാസ്, ഹാഷിര്‍ പുത്തങ്കണ്ടം, ദീപക്, സല്മാന്, ബിജു നസറുള്ള, ജിത് പുതുപ്പള്ളി, ഷൈജു മുക്കില്‍, ഷമീം ചീരാമത്, സനോജ്, വിശാഖ് പത്തിയൂര്‍ അരിത ബാബു, ഷാനവാസ്, ഹാരിസ്, പി.എസ്. അഷ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.