തൃശൂർ: പുത്തൻ റൈഡുകളും മ്യൂസിക് ഫൗണ്ടനും ഗ്യാലറിയുമെല്ലാമായി അണിഞ്ഞൊരുങ്ങിയ കോർപറേഷൻ പാർക്ക് വെള്ളിയാഴ്ച തുറക്കും. ഉൗഞ്ഞാലും സ്ലൈഡറുകളും പെഡലുകളും വാൾ ക്ലൈംബറുകളുമെല്ലാം ബഹുവർണങ്ങളിലാണു സജ്ജമാക്കിയിരിക്കുന്നത്. ഹൈബ്രിഡ് അഡ്വഞ്ചർ, റൊട്ടേഷൻ സ്വിംഗ്, ഡീലക്സ് സ്വിംഗ് തുടങ്ങിയ പുത്തൻ പത്തിനങ്ങളുമുണ്ട്.
സൊറ പറഞ്ഞിരിക്കാനും കലാപരിപാടികൾക്കുമെല്ലാം ഉപയോഗിക്കാവുന്ന ഗാലറിക്കു മുന്നിൽ ഒരുക്കിയ കുളത്തിലാണു മ്യൂസിക് ഫൗണ്ടൻ ഒരുക്കുന്നത്. മ്യൂസിക് ഫൗണ്ടന്റെ പ്രവർത്തനം ഈ മാസം അവസാനത്തോടെ മാത്രമേ തുടങ്ങൂ.
മൂന്നുനാലു വർഷമായി തുരുന്പിച്ചുകിടന്ന കളിയുപകരണങ്ങളാണ് മാറ്റിസ്ഥാപിച്ചത്. രണ്ടര കോടി രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെഹ്റു പാർക്കിലേക്കു പ്രവേശിക്കുന്നവർ പത്തുരൂപ ടിക്കറ്റു ചാർജ് നൽകണം. 15 വയസുവരെയുള്ളവർക്കു പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്കു 12 വരെയും രണ്ടു മുതൽ വൈകുന്നേരം എട്ടുവരേയുമാണ് പ്രവേശനം.
നവീകരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് അടച്ചിട്ട പാർക്കിൽ മാസങ്ങളോളം ഒരു നവീകരണ പ്രവർത്തനവും നടത്തിയിരുന്നില്ല. മധ്യവേനലവധിക്കാലത്തു പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഒന്നരമാസം മുന്‍പാണു പണി കൾ തുടങ്ങിയത്.