സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന നെഹ്റു പാർക്ക് അടിപൊളിയാക്കുന്നു. പുതിയ മുഖത്തോടെയെത്തുന്ന നെഹ്റുപാർക്കിലേക്ക് കടക്കണമെങ്കിൽ ഇനി പ്രവേശനഫീസും നൽകേണ്ടി വരും. രണ്ടു കോടി അറുപത്തിമൂന്ന് ലക്ഷം രൂപ ചിലവിൽ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതി പ്രകാരമാണ് പാർക്ക് നവീകരണം നടക്കുന്നത്.
ജൂലൈ 30മുതൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. മ്യൂസിക്കൽ ഫൗണ്ടൻ, സന്ദർശകർക്ക് ഇരിക്കുന്നതിനായി ഗാലറി എന്നിവ പാർക്കിൽ നിർമിക്കും. പാർക്കിനകത്ത് മുഴുവൻ പുല്ല് വെച്ചുപിടിപ്പിച്ച് മനോഹരമാക്കും. പുതിയ ടോയ്ലറ്റുകൾ നിർമിക്കും.
പ്രവേശനകവാടങ്ങളും മനോഹരമാക്കും. കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എല്ലാം പുതിയതായി ഒരുക്കുമെന്നും ആധുനിക കളിയുപകരണങ്ങളാണ് സ്ഥാപിക്കുന്നതെന്നും പാർക്ക് നവീകരണ കമ്മിറ്റി ചെയർമാൻ കൂടിയായ കൗണ്‍സിലർ സി.പി.പോളി പറഞ്ഞു. പാർക്കിനകത്ത് ടൈൽസ് വിരിച്ച് മനോഹരമാക്കും.
സൈക്കിളിംഗിനുള്ള ട്രാക്കുകൾ പാർക്കിനകത്ത് സജ്ജമാക്കും. വ്യായാമത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. മുതിർന്നവർക്ക് പ്രവേശനത്തിന് പത്തുരൂപ ഈടാക്കാനാണ് പാർക്ക് നവീകരണ കമ്മിറ്റി ശുപാർശ നൽകിയിരിക്കുന്നത്. ഇത് കൗണ്‍സിൽ അംഗീകാരത്തിനായി സമർപിക്കും.
വിദ്യാർഥികൾക്ക് പാർക്കിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വൻതിരക്കാണ് പാർക്കിൽ അനുഭവപ്പെടാറുള്ളത്. ഈടാക്കുന്ന ഫീസ് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി പാർക്കിന്റെ നവീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പ്രളയം മൂലം പാർക്ക് നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞ് തുറക്കുന്നത് നീണ്ടുപോയെങ്കിലും ഇപ്പോൾ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സി.പി.പോളി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വർഷം ഫെബ്രുവരിയോടെ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്.
അടുത്ത മധ്യവേനലവധിക്ക് തൃശൂരിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ തൃശൂർ നെഹ്റുപാർക്ക് അണിഞ്ഞൊരുങ്ങുകയാണ്. പാർക്കിൽ കുട്ടികൾക്കായി ടോയ് ട്രെയിൻ യാഥാർത്ഥ്യമാക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. തൃശൂർ കോർപറേഷന്റെ സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക. കൂടുതൽ സുരക്ഷാജീവനക്കാരെയും പാർക്കിൽ നിയോഗിക്കും.