കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിനു തയാറാകുന്നു. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ ആദ്യത്തെ സമഗ്ര ആത്മകഥയാകുമിത്. വിഖ്യാത പ്രസിദ്ധീകരണ സ്ഥാപനമായ ഇംഗ്ലണ്ടിലെ ഹാർപർ കോളിൻസുമായി ആത്മകഥ പ്രസിദ്ധീകരണത്തിന് സോണിയ കരാർ ഒപ്പുവച്ചിട്ടുണ്ട്.
ഇറ്റലിയിലെ ചെറുപട്ടണമായ ഒർബസാനോയിൽനിന്നു ന്യൂഡൽഹിയിലെ 10 ജൻപഥിലേക്കുള്ള യാത്രയും ഭർത്താവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ മരണവും തുടർന്ന് കോണ്ഗ്രസ് അധ്യക്ഷയും പത്തു വർഷം കേന്ദ്രം ഭരിച്ച യുപിഎയുടെ അധ്യക്ഷയും ആയിരുന്നതും മുതൽ രാഹുലും പ്രിയങ്കയും വരെയുള്ള സംഭവബഹുലമായ ജീവിതാനുഭവങ്ങൾ ആത്മകഥയിൽ 77കാരിയായ സോണിയ വിവരിക്കും.
രാഷ്ട്രീയത്തോടു താത്പര്യമില്ലാതിരുന്നിട്ടും ഭർത്താവിന്റെ വിയോഗശേഷം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടിവന്നതും കോണ്ഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന നേതാവായതും പാർട്ടിയെ കേന്ദ്രഭരണത്തിലേക്കു നയിച്ചതും പ്രധാനമന്ത്രിപദം ത്യജിച്ചതും ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാളായി വളർന്നതുമടക്കം അത്ഭുതകരമാണു സോണിയയുടെ ജീവിതം.
സമകാലിക ഇന്ത്യയുടെ ചരിത്രംകൂടിയാകും സോണിയയുടെ ആത്മകഥ. ഔദ്യോഗികമായി പുസ്തകം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനായി ക്രമീകരണത്തിലെത്തിയ കാര്യം ഹാർപർ കോളിൻസ് (ഇന്ത്യ) സിഇഒ അനന്ത പത്മനാഭൻ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് പെൻഗ്വിൻ റാൻഡം ഹൗസ് ആകും സോണിയയുടെ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക. അമേരിക്കയിൽ പെൻഗ്വിൻ പുസ്തകം പ്രസിദ്ധീകരിക്കും. ആത്മകഥയ്ക്കുള്ള ജോലികൾ അനേക വർഷങ്ങളായി നടന്നുവരികയായിരുന്നു.
കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു പതിനെട്ടാം വയസിൽ 1965ൽ രാജീവ് ഗാന്ധിയുമായി പരിചയപ്പെട്ടതും പിന്നീട് വിവാഹം വരെയെത്തിയ പ്രണയവുമെല്ലാം പുസ്തകത്തിലുണ്ടാകും. “ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ആദ്യമായി നേരിട്ടു കണ്ടുമുട്ടുന്നത് വളരെ ദൂരെനിന്നാണ്. എന്റെ ഹൃദയമിടിപ്പ് എനിക്കു കേൾക്കാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ആദ്യ കാഴ്ചയിൽ തന്നെയുള്ള പ്രണയമായിരുന്നു.
തനിക്കും അങ്ങനെതന്നെയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.’’- 1992ൽ പ്രസിദ്ധീകരിച്ച “രാജീവ്’എന്ന പുസ്തകത്തിൽ, സോണിയ എഴുതിയതാണിത്. 1991 മേയിൽ എൽടിടിഇയുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിനെക്കുറിച്ച് സോണിയ എഴുതിയ പുസ്തകം ശ്രദ്ധേയമായിരുന്നു.
പ്രധാനമന്ത്രിയാകുന്നതിന് വളരെമുന്പ് 1934, 1935 വർഷങ്ങളിൽ ജയിലിലായിരിക്കേ എഴുതിയതാണ് 1936ൽ പ്രസിദ്ധീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ. ഭീകരർ കൊലപ്പെടുത്തിയ ഇന്ദിരയ്ക്കും രാജീവിനും ജീവചരിത്രങ്ങൾ എഴുതാൻ കഴിഞ്ഞില്ല. നെഹ്റു കുടുംബത്തിന്റെ സുഹൃത്തായ പുപ്പുൽ ജയകർ ഇന്ദിരാഗാന്ധിയുടെയും പത്രപ്രവർത്തകനായ റഷീദ് കിദ്വായി സോണിയയുടെയും ജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു.
പ്രത്യേക ലേഖകൻ