കോട്ടയം: നാഗന്പടം നെഹ്റു സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ് പൂർണമായി തകർന്നു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴി സഞ്ചരിക്കാനാവില്ല. ഇരുചക്ര വാഹനം പോലും പോകില്ല. സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗമാണ് ഏറ്റവുമധികം തകർന്നിരിക്കുന്നത്.
റോഡിനു മധ്യഭാഗം ചെളിക്കുഴിയായി മാറിയിട്ടുണ്ട്. ഇവിടെ അകപ്പെടുന്നവർ റോഡിൽ ഉയർന്നു നിൽക്കുന്ന ചില ഭാഗങ്ങളിൽ ചവുട്ടിയാണ് രക്ഷപ്പെടുന്നത്. നഗരസഭയാണ് സറ്റേഡിയം റോഡ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. കാൽ നൂറ്റാണ്ടായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയാണ്.
സ്റ്റേഡിയം ഗാലറികളും ഗാലറികളിലെ കടമുറികളും പൊട്ടിത്തകർന്ന് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മുറികൾ വാടകയ്ക്ക് എടുത്തിട്ടുള്ളവർ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. പല മുറികളും ഏറ്റെടുത്തവർ ഉപേക്ഷിച്ച നിലയിലാണ്. പലതും ലേലം കൊണ്ടിട്ടില്ല. റോഡ് തകർന്നതോടെ ഇവിടെ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ്.