കോട്ടയം: നെഹ്റു സ്റ്റേഡിയം കേന്ദ്രീകരിച്ച് മയക്കു മരുന്നു വിൽപ്പനയും അനാശാസ്യ പ്രവർത്തനവും അരങ്ങേറുന്നതായി പരാതി. നെഹ്റുസ്റ്റേഡിയം പവലിയനു സമീപവും പരിസരങ്ങളിലുമാണ് ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നത്. കഞ്ചാവ് അടക്കമുള്ള മയക്കു മരുന്നു കച്ചവടം ഇവിടെ തകൃതിയാണ്.
സംശയകരമായ രീതിയിൽ ഇവിടെ പലരും വന്നു പോകുന്നുണ്ട്. ഇക്കാര്യം നിരീക്ഷിച്ചവർക്കാണ് മയക്കു മരുന്നു വിൽപ്പനയുടെ രഹസ്യം പിടികിട്ടിയത്. മയക്കു മരുന്നു വാങ്ങാൻ വരുന്നവരിൽ ചില മാന്യൻമാരും ഉൾപ്പെട്ടിട്ടുണ്ട്. രാത്രിയിലും പകലും ഇവിടെ ചില ആളുകൾ വന്നു പോകുന്നുണ്ട്. അവർ വരുന്നത് ഓടാനും ചാടാനുമല്ല. ചില സാധനങ്ങൾ കൈമാറാനാണ്. കഞ്ചാവ് പൊതികളുടെയും മറ്റും കൈമാറ്റം നടക്കുന്നത് സ്റ്റേഡിയത്തിലാണ്.
ഇടുക്കിയിൽനിന്നും മറ്റും വരുന്ന കഞ്ചാവ് മൊത്ത കച്ചവടക്കാരുടെ കൈമാറ്റവും സ്റ്റേഡിയത്തിൽ നടക്കുന്നുണ്ടെന്നു സംശയിക്കുന്നു. രാവിലെയും വൈകുന്നേരവും ഇവിടെ പരിശീലനത്തിന് ധാരാളം ആളുകൾ എത്താറുണ്ട്. അതിനാൽ സ്റ്റേഡിയത്തിൽ നടക്കുന്ന രഹസ്യ കച്ചവടം ആരും സംശയിക്കില്ല എന്നതാണ് മയക്കു മരുന്നു ലോബിയെ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നത്.
നെഹ്റു സ്റ്റേഡിയത്തിന് സുരക്ഷാ മതിലുകൾ ഉണ്ടെങ്കിലും പ്രധാന ഗേറ്റുകൾ പൂട്ടിയാലും അകത്തു കയറാൻ വഴികൾ ഏറെയാണ്. സ്പോർട്സുമായി ബന്ധമില്ലാത്തവരും അലഞ്ഞു തിരിയുന്നവരുമൊക്കെയാണ് സ്റ്റേഡിയത്തിൽ കറങ്ങുന്നത്. ഇവരെ നിയന്ത്രിക്കാൻ ഇപ്പോൾ ഒരു സംവിധാനവുമില്ല.
സ്റ്റേഡിയം ശുദ്ധീകരിച്ച് അനാവശ്യമായി അവിടെ കറങ്ങുന്നവരെ പുറത്താക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. പോലീസ് പട്രോളിംഗ് സ്റ്റേഡിയത്തിയത്തിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.