ആലപ്പുഴ: നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (പതിനായിരത്തി ഒന്ന് രൂപ) സമ്മാനമായി ലഭിക്കും.
ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാല്‍ കാര്‍ഡില്‍ എഴുതി തപാലിലാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും.
കാര്‍ഡില്‍ നെഹ്റു ട്രോഫി പ്രവചനമത്സരം- 2024 എന്നെഴുതണം. 27ന് വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001. ഫോണ്‍: 0477-2251349.
ബോണസ് വിതരണം 50 ശതമാനം പൂര്‍ത്തിയായി
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂര്‍ത്തിയായി. ചുണ്ടന് വള്ളങ്ങള്‍ക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങള്‍ക്ക് 25,000 രൂപയുമാണ് നല്‍കുന്നത്.
വള്ളങ്ങള്‍ക്കുള്ള ജേഴ്സി, നമ്പര്‍ പ്ലേറ്റ്, ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷന് ഓഫീസില്‍ നടന്നുവരികയാണ്. റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്പോണ്സര്.
പവലിയനുകളുടെ നിര്‍മാണം ഇന്ന് പൂര്‍ത്തിയാകും. ട്രാക്ക് ആന്‍ഡ് ഹീറ്റ്സ്, ചാറ്റിംഗ് ഡിവൈസ്, ഫിനിഷിംഗ് ഡിവൈസ് എന്നിവയുടെ ആദ്യഘട്ട പ്രവര്‍ത്തന പരിശോധനയും ഇന്നു നടക്കും.
നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടറുടെയും സെക്രട്ടറിയായ സബ് കളക്ടറുടെയും നേതൃത്വത്തില്‍ ഡിവൈസുകള്‍ വീണ്ടും നാളെ പരിശോധിക്കും.
ടിക്കറ്റ് വില്പന പുരോഗമിക്കുന്നു
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന് ടിക്കറ്റ് വില്‍പ്പന നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 100 – 25,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്.
2500ന് മുകളില്‍ ടിക്കറ്റ് എടുത്തവര്‍ ബോട്ട് ജെട്ടിയിലാണ് എത്തേണ്ടത്. പ്രത്യേക ബോട്ടുകളില്‍ ഇവരെ വേദിയില്‍ എത്തിക്കും. മറ്റ് ടിക്കറ്റുകള്‍ എടുത്തവര്‍ പുന്നമട ഫിനിഷിംഗ് പോയിന്റ് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടവര്‍ക്ക് എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.