ആലപ്പുഴ: നഗരത്തിലെ വിദ്യാലയങ്ങളിൽ നിന്നെത്തിയ കുരുന്നുകൾ വർണക്കുടയും ബലൂണുകളും കൊടി തോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വരവറിയിച്ചു കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയാണ് വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാർത്തു അണിയിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും തുടങ്ങിയ സാംസ്കാരിക ഘോഷയാത്ര ജില്ല കളക്ടർ ഡോ അദീല അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ മനോജ് കുമാർ, മറ്റു നഗരസഭാംഗങ്ങൾ, സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയാളികളുടെ സംസ്കാരം വിളിച്ചോതുന്ന കൊന്പ്, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും ചെണ്ടമേളക്കാരും ഘോഷയാത്രയുടെ മുന്പിൽ നടന്നു നീങ്ങി.
കൂറ്റൻ കഥകളി വേഷക്കാരും മലബാറിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തെയ്യവും കാഴ്ചക്കാർക്ക് ആവേശം പകർന്നു. നഗരത്തിലെ സ്കൂളുകൾ, ബിഎഡ് കോളേജ്, ടിടിഐ തുടങ്ങി വിദ്യാലയങ്ങളിൽ നിന്നും വിദ്യാർഥികൾ ജാഥയിൽ അണിനിരന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, എസ്പിസി കേഡറ്റ്, റെഡ് ക്രോസ്സ് എന്നിവരും ഘോഷയാത്രയുടെ ഭാഗമായി.
കുടുംബശ്രീ വനിതകളും, പുതുമയാർന്ന അനുഭവമുയർത്തി ട്രാൻസ്ജെൻഡർ വനിതകളും ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്രയിൽ താരമായത് ഇത്തവണത്തെ ഭാഗ്യ ചിഹ്നമായ തുഴയേന്തിയ താറാവ് പങ്കൻ ആയിരുന്നു. നഗരത്തിലെ പല സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ പങ്കന്റെ ചിത്രം പതിച്ച പ്ലേകാർഡുകളുമായാണ് എത്തിയത്. ഘോഷയാത്രയിൽ സ്ത്രീ ശാക്തീകരണവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും എല്ലാം വിഷയമാക്കിയുള്ള ടാബ്ലോകളും അണിനിരന്നു.
നെഹ്റുട്രോഫിയിൽ മുഖ്യമന്ത്രിയും സച്ചിനും
ആലപ്പുഴ: 67-ാമത് നെഹ്റുട്രോഫി വള്ളംകളി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായിരിക്കും. കളക്ടറേറ്റിൽ ചേർന്ന എൻടിബിആർ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ അധ്യക്ഷത വഹിച്ച് ധനമന്ത്രിതോമസ് ഐസക് അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിമാരായ ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും.
ഒരു മണി മുതൽ രണ്ടുമണിവരെ ഡിസ്പ്ലേ നടക്കും.
രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. ബുധനാഴ്ച സ്റ്റാർട്ടിങ് ഡിവൈസിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരണ്, സബ്കളക്ടർ കൃഷ്ണതേജ തുടങ്ങിയവർ പ്രസംഗിച്ചു.