ആലപ്പുഴ: പ്രളയം മൂലം ഇക്കുറി മാറ്റി വെയ്ക്കപ്പെട്ട ആലപ്പുഴയുടെ ജലമാമാങ്കത്തിന് നാളെ രണ്ടാമൂഴം. അതിജീവനത്തിന്റെ കരുത്തുള്ളആലപ്പുഴക്ക് ആവേശം ഒട്ടും ചോർന്നു പോയിട്ടില്ല എന്നു പുന്നമടയുടെ ഓളപ്പരപ്പുകൾ നാളെ സാക്ഷ്യം പറയും. തീവ്ര പരിശ്രമത്തിന്േറയും കാത്തിരിപ്പിന്േറയും അവസാന ദിവസമാണിന്ന്. പുന്നമടയിൽ 67-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് നാളെ വിസിൽ മുഴങ്ങുന്പോൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന ആയിരകണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരും.
കാണികൾക്കും തുഴച്ചിൽകാർക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ എത്തുമെന്ന് ഉറപ്പായതോടെ കാണികൾ ആവേശത്തിലാണ്. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരമെന്നതും ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ അന്താരാഷ്ട്ര പ്രാധാന്യം കൂട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവർക്കും സൗകര്യപ്രദമായി ഇരുന്നു മത്സരം കാണാൻ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് ഇക്കുറി തയാറാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ സിബിഎല്ലിന്റെ ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമള്ള പ്രമുഖർ ജലമേളയിൽ പങ്കെടുക്കും. ഉച്ചക്ക് ഒന്ന് മുതൽ രണ്ട് വരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്കാരിക പരിപാടികളും നടക്കും. 79 ജലരാജാക്ക·ാരാണ് ഇക്കുറി നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്നത്.
ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ മൂന്നു വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ 6 വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും നാലു ചുരുളൻ വള്ളങ്ങളും ആറു തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. രാവിലെ 11 ന്് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
ചുണ്ടൻ വള്ളങ്ങളുടെ ആറു ഹീറ്റ്സ് മത്സരങ്ങളും ഒരു പ്രദർശന മത്സരവുമാണുള്ളത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ്. ചുണ്ടൻവള്ളങ്ങളുടെ ആദ്യത്തെ നാല് ഹീറ്റ്സിൽ മൂന്നുട്രാക്കുകളിലും അവസാനത്തെ രണ്ട് ഹീറ്റ്സിൽ നാല് ട്രാക്കുകളിലുമാണ് മത്സരം. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മുത്തമിടാൻ മത്സരിക്കുക. എല്ലാ പവലിയനുകളിലും സിസി ടിവി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ തന്നെ കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനമാണ് ഇത്തണവയും.
പാസില്ലാതെ ബോട്ടുകൾക്ക് പാർക്കിംഗ് അനുവദിക്കില്ല
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണുന്നതിന് എത്തുന്ന ഹൗസ് ബോട്ടുകൾക്കും മറ്റു യന്ത്രയാനങ്ങൾക്കും നെഹ്റു പവലിയന്റെ വടക്കു വശത്തു പാർക്കു ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് നൽകണം.
വള്ളംകളി നടക്കുന്ന സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ട്രാക്കുകളിലും അതിന്റെ വശങ്ങളിലും കൂടാതെ ഡോക്ക് ചിറ മുതൽ നെഹ്റു പവലിയൻ വരെയുള്ള സ്ഥലങ്ങളിലും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ പാർക്ക് ചെയ്യുന്നതിനും ആളുകളെ കൊണ്ട് പോകുന്നതിനും അനുവാദം വാങ്ങേണ്ടതും നിശ്ചിത ഫീസ് അടച്ചു രസീത് വാങ്ങേണ്ടതുമാണ്.
പാസെടുക്കാത്ത ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും 50,000 രൂപ വരെ പിഴ ഈടാക്കുന്നതുമാണ്. നാലു വിഭാഗത്തിലായിട്ടാണ് ഫീസ് ഈടാക്കുന്നത്. തെക്കു വശം -50000, മധ്യ ഭാഗം -30000, വടക്കു വശം -20000,.വടക്കേ അറ്റം -10000.
വൈദ്യസഹായത്തിനു ക്രമീകരണങ്ങൾ സുസജ്ജം
ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വൈദ്യസഹായം ഉറപ്പാക്കുന്നതിന് ജില്ല മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും വിപുലമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, വാട്ടർ -റോഡ് ആംബുലൻസുകൾ എന്നിവ സദാസമയവും വൈദ്യസഹായമെത്തിക്കാൻ തയാറാക്കിയിട്ടുണ്ട്.
പ്രത്യേക മെഡിക്കൽ സംഘവും പാലിയേറ്റീവ് കെയർ ടീമും സുസജ്ജമാണ്. എട്ടു ടീമുകളായിട്ടാണ് മെഡിക്കൽ സംഘത്തെ ക്രമീകരിച്ചിരിക്കുന്നത്. സഹായത്തിന് ബന്ധപ്പെടേണ്ട ടീം ലീഡർ നന്പർ:9747211474, 8848413343.