കുമരകം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം നീണ്ടുപോകുന്ന സാഹചര്യത്തിൽ വള്ളംകളിക്കായി നിർമിച്ച പുന്നമടയിലെ താത്കാലിക പവലിയൻ പൊളിച്ചുതുടങ്ങി. ഫിനിഷിംഗ് പോയിന്റിലെ താത്കാലിക പവലിയന്റെ നിർമാണം ഏറെ പിന്നിട്ടപ്പോഴായിരുന്നു വള്ളംകളി മാറ്റിവച്ചെന്ന പ്രഖ്യാപനമുണ്ടായത്.പവലിയൻ നിർമിക്കാൻ കോഴിക്കോടുള്ള ഒരു ഏജൻസിക്കു 14 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയിരുന്നത്.
അവസാനഘട്ട മിനുക്കുപണികൾ ഒഴികെയെല്ലാം പുന്നമടയിൽ സജ്ജമാക്കിയിരുന്നു. ഒരാഴ്ചയിലധികമായി അതെല്ലാം അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.ഇനി വള്ളംകളി നടത്തിയാൽ ഇതേ ഏജൻസിക്കുതന്നെ കരാർ നൽകാനാണു സാധ്യതയെങ്കിലും നിലവിലുണ്ടായ നഷ്ടത്തിനു പരിഹാരം നൽകേണ്ടിവരും. ട്രാക്ക് തിരിച്ചറിയാൻ വെള്ളത്തിൽ ഉറപ്പിച്ച കുറ്റികളിൽ ഭൂരിഭാഗവും ബോട്ടുകൾ ഇടിച്ചു തകർന്നിട്ടുണ്ട്.
നാലു ലക്ഷം രൂപയ്ക്കാണു ട്രാക്കിൽ കുറ്റികൾ ഉറപ്പിക്കാനും ദൂരദർശൻ കാമറകൾ സ്ഥാപിക്കാൻ തൂണുകളിൽ പ്ലാറ്റ്ഫോം നിർമിക്കാനും കരാർ നൽകിയിരുന്നത്. ഇതിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്ലാറ്റ്ഫോമിന്റെ മുകൾഭാഗം മാത്രമേ നിർമിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ.
അതിനാൽ ഇവർക്കും കരാർ പ്രകാരമുള്ള തുകയുടെ നല്ല ശതമാനം നൽകേണ്ടി വരും. വള്ളംകളിയുടെ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ പണം ആളുകൾ തിരികെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ വർഷം നെഹ്റു ട്രോഫി നടത്തിയില്ലെങ്കിൽ കുട്ടനാട്ടിലെ ബോട്ട് ക്ലബ് ഭാരവാഹികൾ കടംമൂലം നാടുവിടേണ്ടി വരും.
10-20 ദിവസങ്ങൾ ട്രയൽ നടത്തി ലക്ഷങ്ങൾ മുടക്കിയതിനു ശേഷമാണ് സിബിഎൽ നടത്തുന്നില്ലെന്ന് അധികൃതർ തീരുമാനിച്ചത്. അതോടൊപ്പം നെഹ്റു ട്രോഫിയും കൂടി നടന്നില്ലെങ്കിൽ ഒട്ടുമിക്ക ബോട്ട് ക്ലബ്ബുകൾക്കും നിലനില്പുണ്ടാകില്ല. സർക്കാർ ധനസഹായം നൽകിയില്ലെങ്കിൽ വരും വർഷങ്ങളിൽ പുന്നമടയിലേക്ക് ചുണ്ടൻവള്ളങ്ങൾ പലതും എത്തില്ല.