ന്യൂഡല്‍ഹി: കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വീണ്ടും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാഷ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാനുള്ള നെഹ്റുവിന്റെ തീരുമാനം ഹിമാലയൻ മണ്ടത്തരമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ദേശീയ സുരക്ഷ സംബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎൻ ചാർട്ടർ ആർട്ടിക്കിൾ 35 ന് പകരം ആർട്ടിക്കിൾ 51 പ്രകാരമാണ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. 1948 ൽ ആണ് കാഷ്മീർ വിഷയത്തിൽ നെഹ്റു ഐക്യരാഷ്ട്ര സഭയെ സമീപിക്കാൻ തീരുമാനിക്കുന്നത്. ഇത് ഹിമാലയൻ മണ്ടത്തരമായിരുന്നു.
ആർട്ടിക്കിൽ 35 തർക്ക ഭൂമിയെക്കുറിച്ചാണ് പറയുന്നത്. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രാകരം സമീപിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഭൂമിയിൽ പാക്കിസ്ഥാൻ അനധികൃതമായി അതിക്രമിച്ച് കയറിയതു സംബന്ധിച്ചാകുമായിരുന്നു ചർച്ച. കാഷ്മീർ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് നെഹ്റുവിന്റെ വ്യക്തിപരമായ താല്‍പ്പര്യമാണെന്നും അമിത് ഷാ പറഞ്ഞു.