ആലത്തൂർ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് കാവശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബിന് നെഹ്റു യുവകേന്ദ്രയുടെ ഉപഹാരം.
ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മാന്നാറിലെ പാവൂക്കര വൈദ്യൻ കോളനി, കൊരട്ടിക്കാട് കിഴക്ക്, മിനി കന്പനിക്കുസമീപം, പൊതൂർ, മാവേലിക്കര പ്രായിക്കര എന്നിവിടങ്ങളിൽ നേരിട്ടെത്തി അരി, വെള്ളം, വസ്ത്രം, ചെരുപ്പ്, ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, തേങ്ങ എന്നിവ വിതരണം ചെയ്തിരുന്നു.
കൂടാതെ പുതിയങ്കം തെക്കുമുറി ലക്ഷംവീട് കോളനിയിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ എട്ടു കുടുംബങ്ങൾക്ക് താത്കാലിക ഷെഡ് ഒരുക്കുന്നതിനും ക്ലബ് പ്രവർത്തിച്ചു. കാവശേരി വാഴയ്ക്കച്ചിറ, എടപ്പറന്പ്, ആലത്തൂർ മലമലമൊക്ക് എന്നിവിടങ്ങളിൽ വെള്ളം കയറിയപ്പോൾ പോലീസ്, അഗ്നിശമന സേന എന്നിവരോടൊപ്പം രക്ഷാപ്രവർത്തനത്തിനും ക്ലബ് അംഗങ്ങൾ നേതൃത്വം നല്കി.
എം.ബി.രാജേഷ് എംപിയിൽനിന്ന് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സുനു ചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം.അനിൽകുമാർ, അക്കൗണ്ടൻറ് കർപ്പകം എന്നിവർ പങ്കെടുത്തു.