സി.സി.സോമൻ
കോട്ടയം: മരണാസന്നമായി കിടക്കുന്ന നെഹ്റു സ്റ്റേഡിയത്തെ രക്ഷിക്കാനാരുമില്ല. കാലവർഷം തുടങ്ങിയിട്ട് ഇന്നു വരെ കായിക വിദ്യാർഥികൾക്ക് പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. സ്റ്റേഡിയത്തിലെ വെള്ളം ഒഴുകി പോകാത്തതിന് മൂന്നു കാരണങ്ങളാണുള്ളത്.
ചുറ്റുമുള്ള ഓടയിൽ ചെളിനിറഞ്ഞു
അതിലൊന്ന് സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഓട നിറഞ്ഞ് ചെളി നിറഞ്ഞിരിക്കുന്നു. ഓടയിലെ ചെളിനീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റേഡിയത്തിൽ നിറയുന്ന വെള്ളം ഓടയിലേക്ക് ഒഴുകി നിറയും. അവിടെ നിന്ന് സ്റ്റേഡിയത്തിനു മുൻവശം വഴി റോഡിനു കുറുകെ സ്ഥാപിച്ച രണ്ടു പൈപ്പ് വഴിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ചെളിനിറഞ്ഞ് ഓട അടഞ്ഞു കിടക്കുകായണ്. ചെളി നീക്കി ഓട വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഓട താഴ്ന്നും പൈപ്പ് പൊങ്ങിയും
സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകേണ്ട വെള്ളം ഒഴുക്കി കളയുന്നതിന് റോഡിനടിയിൽ കുറുകെ സ്ഥാപിച്ച പൈപ്പ് ഉയർന്നിരിക്കുന്നതാണ് സ്റ്റേഡിയത്തിലെ വെള്ളം ഒഴുകി പോകാത്തതിന്റെ രണ്ടാമത്തെ കാരണം. അതായത് സ്റ്റേഡിയത്തിൽ നിന്ന് ഒഴുകി വരുന്ന വെള്ളം താഴ്ചയിലും പുറത്തേക്ക് പോകേണ്ട പൈപ്പ് 80 സെന്റീമീറ്റർ ഉയർന്നുമാണിരിക്കുന്നത്. ഇതുമൂലം സ്റ്റേഡിയത്തിലെ വെള്ളം പൂർണമായി പുറത്തേക്ക് ഒഴുകി പോകാൻ കഴിയുന്നില്ല. റോഡിനു കുറുകെ സ്ഥാപിച്ച പൈപ്പ് താഴ്ത്തിയിട്ടാലെ വെള്ളം ഒഴുകി പോവുകയുള്ളു.
പാലത്തിനടിയിലും ഓട നിർമിക്കണം
വൈഡബ്ല്യുസിഎ കഴിഞ്ഞ് എംസി റോഡ് വഴി താഴേക്ക് വരുന്പോഴുള്ള പാലത്തിനടിയിലൂടെ വെള്ളം ഒഴുകി പോകുന്നില്ല എന്നതാണ് മൂന്നാമത്തെ കാര്യം. പാലത്തിനടി വശം കോണ്ക്രീറ്റ് ചെയ്തിരിക്കുകയാണ്. ഇവിടെ രണ്ടടി വതീയിലെങ്കിലും ഓട നിർമിച്ചാലേ സ്റ്റേഡിയിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സമീപത്തെ തോട്ടിലേക്കും അതുവഴി മീനച്ചിലാറിന്റെ കൈവഴിയിലേക്കും എത്തുകയുള്ളു. ഈ മൂന്നു കാര്യങ്ങൾ പരിഹരിക്കാതെ നെഹൃസ്റ്റേഡിയത്തിൽ നിലവിലുള്ള വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല.
പരിശീലനം മുടങ്ങി, വൈദ്യുതിയില്ല
സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞതിനാൽ ദിവസവുമുള്ള ഫുട്ബോൾ പരിശീലനം മുടങ്ങിയിരിക്കുകയാണ്. അതുപോലെ അത്ലറ്റിക് വിഭാഗങ്ങളുടെ പരിശീലനവും മുടങ്ങി. വെള്ളപ്പൊക്ക സമയത്ത് വൈദ്യുതി ലൈൻ തകരാറിലായിട്ട് ഇതുവരെ പുന: സ്ഥാപിക്കാനായില്ല. അതിനാൽ സ്റ്റേഡിയം ഇപ്പോൾ ഇരുട്ടിലാണ്. സ്റ്റേഡിയം പലയിടത്തും തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണികൾ പോലും നടക്കുന്നില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള രാജ്യാന്തര സ്റ്റേഡിയമാക്കുമെന്ന പ്രഖ്യാപനം ഏതാനും വർഷം മുൻപ് നടത്തിയവരെയും ഇപ്പോൾ കാണാനില്ല.