കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ ഇന്നലെ നടന്ന നെഹ്റു ട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിൽ മാറ്റുരച്ച ചുണ്ടൻ വള്ളങ്ങളെല്ലാം നിയന്ത്രിച്ചത് കുമരകം നിവാസികൾ.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, വിബിസി കൈനകരിയുടെ വീയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നീ കരക്കാർ പരസ്പരം മത്സരിച്ചപ്പോൾ നാലു ചുണ്ടൻ വള്ളങ്ങളുടെയും അമരത്തുനിന്നത് കുമരകംകാരാണ്.
തുടർച്ചയായ അഞ്ചാം തവണ നെഹ്റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിന്റെ അമരക്കാരൻ കുമരകം സ്വദേശി പ്രസന്നൻ കല്ലുപുരയ്ക്കലാണ്. രണ്ടാം സ്ഥാനക്കാരായ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടന്റെ അമരത്ത് കുമരകം സ്വദേശിതന്നെയായ രാജീവ് കായപ്പുറമായിരുന്നു.
നാലാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്റെ അമരത്ത് നില ഉറപ്പിച്ചതും കുമരകംകാരൻ സതീഷ് കുഴികണ്ടമാണ്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിന്റെ ഒന്നാം അമരക്കാരനായ സുരേഷ് നാഷ്ണാന്ത്രയും കുമരകം നിവാസിയാണ്.