അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടുത്തും. ശല്യം സഹിക്കാനാവാതെ അയൽക്കാർക്കെതിരേ പോലീസിനെയും കോടതിയെയും സമീപിക്കുന്നവരും കുറവല്ല. ഇതേപോലെ സ്ഥിരം ശല്യമായ അയൽക്കാരിക്കെതിരേ കോടതിയിൽ പോയി നഷ്ടപരിഹാരം നേടിയിരിക്കുകയാണ് ഒരു ചൈനാക്കാരൻ.
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിലെ രണ്ടാം നിലയിൽ താമസിക്കുന്ന ഷാങ്ങിനാണു കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. ഇതേ ബ്ലോക്കിൽ ഒന്നാംനിലയിൽ താമസിക്കുന്ന വാങ് എന്ന യുവതിക്കെതിരേയായിരുന്നു ഷാങ്ങിന്റെ നിമയപ്പോരാട്ടം. മുകളിലത്തെനിലയിൽനിന്നുമുള്ള രാത്രിയിലെയും മറ്റും ശബ്ദങ്ങൾ തന്നെ അലോസരപ്പെടുത്തുകയാണെന്നും അതിനാൽ ഒരു ശബ്ദവും ഉണ്ടാക്കാൻ പാടില്ലെന്നും പറഞ്ഞ് വാങ് അയൽവാസിയായ ഷാങ്ങിനെ നിരന്തരം ശാസിക്കുകയായിരുന്നു.
ഇവരുടെ പരാതിയെത്തുടർന്നു തന്റെ ഫ്ലാറ്റിൽനിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാൻ വീട് മുഴുവൻ പരവതാനി വിരിക്കുന്നതടക്കം ഷാങ് ചെയ്തിരുന്നു. എന്നാൽ പല്ലുതേക്കുക, കുളിക്കുക, അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം അയൽക്കാരി പരാതി തുടർന്നു. കൂടാതെ, രാത്രി 10നുശേഷം ടോയ്ലറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന ആവശ്യവും വാങ് ഉന്നയിച്ചു. പോലീസ് ഇടപെട്ട് മധ്യസ്ഥത ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ ഷാങ് തന്റെ ഫ്ലാറ്റ് വാടകയ്ക്ക് നൽകി മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറ്റി. എന്നാൽ, പുതിയതായി താമസിക്കാനെത്തിയവർക്കും വാങ്ങിന്റെ നിർദേശങ്ങൾ സഹിക്കാതെ വന്നതോടെ പരാതിയുമായി ഷാങ് കോടതിയെ സമീപിച്ചു. കോടതി ഷാങിന് നഷ്ടപരിഹാരമായി 2,750 ഡോളർ നൽകാൻ അയൽക്കാരിയായ യുവതിയോട് ഉത്തരവിടുകയും ചെയ്തു.