കണ്ണൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഗൃഹനാഥനെ കല്ലും ഹെൽമറ്റും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികൾ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ.
കക്കാട് നന്പ്യാർമൊട്ടയിലെ അജയകുമാർ (63) കൊല്ലപ്പെട്ട സംഭവത്തിൽ നമ്പ്യാർമൊട്ടയിലെ ഓട്ടോ ഡ്രൈവറായ ടി. ദേവദാസൻ, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെയും ഇതരസംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെയും കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം.
ദേവദാസിന്റെ വീട്ടിൽനിന്നു സ്ഥിരമായി മലിനജലം റോഡിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് അജയകുമാർ ചോദ്യം ചെയ്യുമായിരുന്നു. ഇന്നലെ വൈകുന്നേരം ഇതുസംബന്ധിച്ച് തർക്കം നടന്നു. തുടർന്ന് രാത്രി ദേവദാസ് ആളുകളെ കൂട്ടി വന്ന് കല്ല്, ഹെൽമെറ്റ്, ഫൈബർ കസേര എന്നിവ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തടയാനെത്തിയ അജയകുമാറിന്റെ സുഹൃത്ത് വി.കെ. പ്രവീണിനും (50) പരിക്കേറ്റു. പ്രവീണിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കാറ്ററിംഗ് ജോലിക്ക് പോയ സമയത്ത് പരിചയപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയേയും പ്രതികൾ സഹായത്തിനു കൂട്ടിയിരുന്നു.
ഇന്നലെ വൈകുന്നേരവും പതിവുപോലെ അജയകുമാർ വന്ന സമയത്ത് പ്രതികൾ മലിന ജലം ഒഴുക്കുകയും അജയകുമാർ ഇത് ചോദ്യം ചെയ്തു. തുടർന്ന് രാത്രി അജയകുമാർ സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ കടയിൽ ഇരിക്കുമ്പോൾ ദേവദാസ് മക്കളെയും കൂട്ടി അവിടെയെത്തി ആക്രമിക്കുകയായിരുന്നു.
അജയകുമാറിന്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇലക്്ട്രീഷനാണ് മരിച്ച അജയകുമാർ. ഭാര്യ: സായി. സഹോദരങ്ങൾ: രാഗിണി, രജിനി,റോജ, ഷീന.