സൗഹൃദം ഭാവിച്ചു ദേശ്പാണ്ഡെ കുടുംബത്തിലെത്തിയ നേഹയുടെ കാമുകൻ രാഹുലും കൂട്ടുകാരൻ മനോജും കൈയിൽ തോക്കും കത്തിയും കരുതിയിരുന്നു.
സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച വീട്ടുകാരെ കാത്തിരുന്നതു പക്ഷേ, വലിയ ദുരന്തമായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളെയും പ്രതികൾ വെടിവച്ചു വീഴ്ത്തി. മിനിറ്റുകൾക്കുള്ളിൽ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു.
തുടർന്നു സംഘം വീട് അരിച്ചുപെറുക്കി പരിശോധന തുടങ്ങി. ഒന്നര ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും അവർ കൈക്കലാക്കി.
വീട്ടിൽനിന്നു ലഭിച്ച രണ്ട് എടിഎം കാർഡുകളും അവർ സ്വന്തമാക്കി. എന്നാൽ, ഈ കൊടുംക്രൂരത നടത്തിയ സംഘത്തിനു വധശിക്ഷയാണു കോടതി സമ്മാനിച്ചത്.
മരണം ഉറപ്പാക്കി
മൂന്നു പ്രതികൾക്കും വധശിക്ഷ വിധിച്ച ജില്ലാ കോടതിയുടെ ഉത്തരവിൽ കൊല്ലപ്പെട്ട മേഘ ദേശ്പാണ്ഡെയുടെ ഭർത്താവ് നിരഞ്ജയ് സംതൃപ്തി രേഖപ്പെടുത്തി. ജുഡീഷ്യറിയിൽ എനിക്കു പൂർണ വിശ്വാസമുണ്ടായിരുന്നു, പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചിരുന്നു. –
വിധി വന്നയുടൻ അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ കാരുണ്യത്തിന് ഒട്ടും അർഹരല്ലെന്നു കോടതി ഉത്തരവിൽ നിരീക്ഷിച്ചു. ഇരകളെ വെടിവച്ചു വീഴ്ത്തുക മാത്രമല്ല അവർ ചെയ്തത്. പല തവണ അവരുടെ ശരീരത്തിൽ കത്തികൊണ്ട് ആഴത്തിൽ കുത്തി മുറിക്കുകയും ചെയ്തു.
ഇരകളെല്ലാം കൊല്ലപ്പെട്ടുവെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ പ്രതികൾ ചെയ്തത്. മൂന്നു തലമുറകളിലെ, മൂന്നു നിസഹായരായ സ്ത്രീകളെ പണത്തിനുവേണ്ടി പ്രതികൾ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നുവെന്നു കോടതി കണ്ടെത്തി.
കുടുക്കിയ പിടിവള്ളി
പിടിയിലാവില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു പ്രതികളെങ്കിലുംസംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു എന്നതു മധ്യപ്രദേശ് പോലീസിന്റെ യശസ് ഉയർത്തി.
കൊലയ്ക്ക് ഉപയോഗിച്ച ഒരു പിസ്റ്റൾ, രണ്ടു കത്തി എന്നിവയും പ്രതികൾ മോഷ്ടിച്ച രണ്ട് എടിഎം കാർഡുകളും കണ്ടെത്തുകയും ചെയ്തു.
കവർച്ചയ്ക്കിടെ മേഘയുമായുള്ള പിടിവലിയിൽ നേഹയുടെ കാമുകൻ രാഹുലിനു ഇടതു കാലിൽ വെടിയേറ്റിരുന്നു.
അയാൾക്ക് ആശുപത്രിയിൽ ചികിത്സ തേടാതെ രക്ഷയില്ലെന്നു വന്നു. സംശയത്തിന്റെ മുന തനിക്കെതിരേ തിരിയാതിരിക്കാൻ രാഹുൽ കാണിച്ച അതിബുദ്ധിയാണ് പോലീസിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായത്.
തനിക്കുനേരേ അജ്ഞാതരായ ചിലർ വെടിയുതിർത്തെന്നു പറഞ്ഞു ഇയാൾ അന്നപൂർണ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എന്നാൽ, ഇയാളുടെ പരാതിയിൽ കഴന്പില്ലെന്നു പോലീസ് കണ്ടെത്തി.
അതോടെ രാഹുൽ സംശയത്തിന്റെ നിഴലിൽ ആവുകയും ചെയ്തു. നാടിനെ ഞെട്ടിച്ച മൂന്നു സ്ത്രീകളുടെ കൊലപാതകത്തിൽ വെടിവയ്പു നടന്നു എന്ന റിപ്പോർട്ട് വന്നതോടെ അന്വേഷണം രാഹുലിനു നേരേ തിരിഞ്ഞു.
ഇതിനകം പ്രാദേശികമായി ചില ആശുപത്രികളിൽ ഇയാൾ ചികിത്സ തേടുന്ന തിരക്കിലായിരുന്നു. ഇതോടെ വളരെ എളുപ്പത്തിൽ പ്രതിയെ പിടിക്കാൻ പോലീസിനു കഴിഞ്ഞു.
എംടിഎം കാർഡ്
പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂഷൻ ഹാജരാക്കിയ 96 സാഹചര്യത്തെളിവുകളും കോടതിക്കു ബോധ്യപ്പെട്ടു.
ദേശ്പാണ്ഡെയുടെ വീട്ടിൽനിന്നു കൊള്ളയടിച്ച എടിഎം കാർഡ് ഉപയോഗിക്കാൻ ശ്രമിച്ചതാണു നേഹയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്.
ഐപിസി 302, 397, 449 വകുപ്പ് പ്രകാരമാണ് നേഹ വർമ (23), രാഹുൽ ചൗധരി(24), മനോജ് ആർതോഡ് (32) എന്നിവർ കുറ്റക്കാരെന്നു കോടതി വിധിച്ചത്. ആയുധ നിയമത്തിലെ സെക്ഷൻ 25 പ്രകാരമാണ് മനോജ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
നേഹയുടെ പദ്ധതി
കൊലപാതകത്തിന്റെ സൂത്രധാര നേഹ വെർമയാണെന്നും കാമുകൻ രാഹുലും മനോജും കൊള്ളയും കൊലപാതകവും ആസൂത്രണം ചെയ്തതായും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. 58 പേജുള്ള കുറ്റപത്രം പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കൊലപാതകത്തിന്റെ ഉദ്ദേശ്യം പണത്തോടുള്ള അത്യാഗ്രഹമാണെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. മൂന്നുപേരും ദ്രുതഗതിയിൽ പണം സമ്പാദിക്കാൻ ആഗ്രഹിച്ചു വഴി തേടി നടന്നവരായിരുന്നു.
നേഹയും പ്രതികളും ആഡംബര ജീവിതം സ്വപ്നം കണ്ടു നടക്കുന്നവരായിരുന്നു. മയക്കു മരുന്നും മദ്യവും ഉപയോഗിച്ച ശേഷമാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്.
ഏറെ പണമുണ്ടാക്കി കാമുകൻ രാഹുലിനൊപ്പം ജീവിക്കാൻ നേഹ മോഹിച്ചിരുന്നു. പക്ഷേ, ക്രൂരതയ്ക്കു കാലം നൽകിയതു ചുട്ട മറുപടിയായിരുന്നുവെന്നു മാത്രം.
(അവസാനിച്ചു).
തയാറാക്കിയത്: എൻ.എം