
നെടുങ്കണ്ടം: അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാൻ കോടതി ഉത്തരവുമായി എത്തിയിട്ടും ഗ്രാമപഞ്ചായത്ത് ഓഫീസിൽനിന്നും അപമാനിച്ച് ഇറക്കിവിട്ടതായി ആരോപണം. ദളിത് കുടുംബത്തിലെ അംഗമായ നെടുങ്കണ്ടം താന്നിമൂട് സ്വദേശിയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇല്ലിക്കാനം സ്വദേശി വടക്കേത്ത് അനഘ ബാബുവാണ് പരാതിക്കാരി. പിജി സോഷ്യോളജി പഠനത്തിനായി 2018-ൽ അനഘ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചേർന്നപ്പോഴാണ് ലാപ്ടോപ് ഒരാവശ്യമായി വന്നത്. സഹോദരി ആർദ്ര ഫിസിയോതെറാപ്പി വിദ്യാർഥിയാണ്.
എസ് സി – എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പദ്ധതിയിൽ ലാപ്ടോപ്പിനായി ഗ്രാമസഭയിലൂടെ പഞ്ചായത്തിന് ഇവർ അപേക്ഷയും നൽകി. ലാപ്ടോപ്പിന് അർഹരായവരുടെ പട്ടികയിൽ ഇവരുടെ പേരും ഉൾപ്പെട്ടതോടെ കുടുബം പ്രതീക്ഷയിലായിരുന്നു. എന്നാൽ രണ്ടുവർഷമായി പഞ്ചായത്തോഫീസ് പലതവണ കയറിയിറങ്ങിയിട്ടും ഇവർക്ക് പ്രയോജനമുണ്ടായില്ല.
സുഹൃത്തിന്റെ പഴയ ലാപ്ടോപ്പ് താത്കാലികമായി വാങ്ങിയാണ് അനഘ പഠനാവശ്യങ്ങൾ നിറവേറ്റിയത്. ലാപ്ടോപ്പ് കേടായി പഠനം പലതവണ മുടങ്ങിയിട്ടുണ്ട്. സന്പർക്കവിലക്ക് കാലത്തെ ഓണ്ലൈൻ ക്ലാസുകൾ പലതും നഷ്ടമായതും സഹോദരിമാരെ മാനസിക സംഘർഷത്തിലാക്കി.
ഇതോടെ ദിശ എന്ന സംഘടനയുടെ സഹായത്തോടെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ആദ്യ സിറ്റിംഗിൽതന്നെ പഞ്ചായത്തിനോട് അഞ്ചാഴ്ചക്കകം ലാപ്ടോപ് നൽകുവാൻ ജസ്റ്റീസ് അലക്സാണ്ടർ ജേക്കബ് ഉത്തരവിട്ടു.
എന്നാൽ ഉത്തരവിന്റെ പകർപ്പുമായി പഞ്ചായത്ത് ഓഫീസിലേക്ക് പോയ അമ്മയെയും സഹോദരിയെയും പഞ്ചായത്ത് സെക്രട്ടറിയും ഒരു പഞ്ചായത്തംഗവുംചേർന്ന് പരിഹസിച്ച് ഇറക്കിവിട്ടെന്ന് അനഘ പറയുന്നു. അർഹമായ ലാപ്ടോപ് പഞ്ചായത്തിൽനിന്ന് കിട്ടണമെന്നാണ് സഹോദരിമാരുടെ ആവശ്യം.
ഇത് നടന്നില്ലെങ്കിൽ പഞ്ചായത്തിനെതിരെ കോടതിയലക്ഷ്യം ഫയൽചെയ്യുമെന്നും അനഘ പറഞ്ഞു.
നാല് സെന്റ് ഭൂമിയിലെ ചോർന്നൊലിക്കുന്ന രണ്ടുമുറി വീട്ടിലാണ് അനഘയും ആർദ്രയും മാതാപിതാക്കളായ ബാബുവും രജനിയും താമസിക്കുന്നത്. മഴ പെയ്താൽ ബക്കറ്റുകൾ കെട്ടിത്തൂക്കി ചോർച്ച തടഞ്ഞാണ് ഇവർ കഴിയുന്നത്.
ഒരു അടിസ്ഥാന സൗകര്യങ്ങളും ഈ കുടുംബത്തിനില്ല. കൂലിപ്പണിക്കാരനായ ബാബുവിന്റെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്.