കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാവാതിരിക്കാന്‍ ജാഗ്രതാനിര്‍ദേശവും ബോധവത്കരണവുമായി സൈബര്‍ പോലീസ് രംഗത്തെത്തുമ്പോഴും പുതിയ തന്ത്രങ്ങളുമായി വ്യാജന്മാര് വിലസുന്നു.
പണമിടപാടുകള്‍ക്കായി സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്ന ഫോണ്‍ പേ , ഗൂഗിള്‍പേ വഴിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്.
ഫോണ്‍പേയുടെ പേരില്‍ തട്ടിപ്പിനിരയായ ആശുപത്രി ജീവനക്കാരന് കഴിഞ്ഞ ദിവസം സൈബര്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് പുതിയ തട്ടിപ്പുകള്‍ സംബന്ധിച്ച് പോലീസും അറിയുന്നത്.
പണം അയക്കുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് മെസേജ് അയച്ചാണ് തട്ടിപ്പ് .
ന്യൂജൻ ആപ്പുകൾ വഴി ഓൺലൈനിൽ പണം കൈമാറ്റം ചെയ്യുന്നവരുടെ മൊബൈലിലേക്ക് സ്ക്രാച്ച് കാർഡ് സമ്മാനം ലഭിച്ചുവെന്ന് ടെക്സ്റ്റ് മെസേജ് അയക്കും .
തുക ലഭിക്കാൻ മെസേജിനൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കാനും ആവശ്യപ്പെടും. അതിൽ കയറുന്നതോടെ ഒറിജിനലിന് സമാനമായ ഫോൺപേ, ഗൂഗിൾപേ വെബ്സൈറ്റുകളിലേക്കാണ് എത്തുക. ഇവിടെ സ്ക്രാച്ച് കാർഡും ദൃശ്യമാകും.
വെബ്സൈറ്റിൽ ഫോൺപേ എംബ്ലമടക്കം എല്ലാം സമാനമായിരിക്കും. സെൻഡ് പ്രൈസ് മണി ടു യുവർ ബാങ്ക്’ ഓപ്ഷൻ തെരഞ്ഞെടുക്കാനും നിർദേശം ലഭിക്കും.
സമ്മാനത്തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുമെന്നാണ് ഇതിലൂടെ അറിയിക്കുന്നത്. ഇതുകണ്ട് ഓപ്ഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും.
“ഡെബിറ്റ് ഫ്രം ദ അക്കൗണ്ട്’ എന്നായിരിക്കും ഇതിലെഴുതിയിട്ടുണ്ടാകുക.
എന്നാൽ ഇടപാടുകാർ ഇത് ശ്രദ്ധിക്കാതെ ഓപ്ഷൻ തെരഞ്ഞെടുക്കുന്നതോടെ പണം സ്വന്തം അക്കൗണ്ടിൽനിന്നു നഷ്ടമാകും.
കൊച്ചിയിലുള്‍പ്പെടെ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ചെറിയ തുകകളാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്താറില്ല.