അന്പലപ്പുഴ: കർഷകരെ ആശങ്കയിലാഴ്ത്തി പാടങ്ങളിൽ കളകൾ നിറയുന്നു. സ്ത്രീ തൊഴിലാളികളെ കിട്ടാനില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പുന്നപ്ര പഞ്ചായത്തിലെ പൂന്തിരം, പാരിക്കാട് ഉൾപ്പടെയുള്ള നിരവധി പാടശേഖരങ്ങളിലാണ് കവട, കുതിരപ്പുല്ല് എന്നീ കളകൾ പടർന്നു കൃഷിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. നിലവിൽ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ വൃത്തിയാക്കുന്നുണ്ട്.
ദേശീയപാതയോരത്ത് ചെടികൾ നട്ട് സർക്കാരിന്റെ പണം പാഴാക്കുകയുമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാടത്ത് പണിക്കായി സ്ത്രീ തൊഴിലാളികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽനിലവിൽ പാടശേഖരങ്ങളിലെ കളകൾ മാറ്റുവാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാൽ തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കൃഷി ആരംഭിക്കുവാൻ കർഷകർക്ക് താൽപ്പര്യം ഉണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നൂറു കണക്കിന് കർഷകരാണ് വളരെ പ്രതീക്ഷയോടെ പ്രളയ ശേഷം കൃഷി ഇറക്കിയിരിക്കുന്നത്. പ്രളയത്തിൽ പൂർണമായും കൃഷി നശിച്ച കർഷകർ സർക്കാർ നൽകിയ വാഗ്ദാനങ്ങളുടെ പേരിലാണ് ഇപ്പോൾ പുഞ്ചകൃഷി ആരംഭിച്ചത്.എന്നാൽ വിതച്ച് ആഴ്ചകൾക്കകം പാടത്ത് കളകൾ പടർന്ന് നെൽച്ചെടികളെ നശിപ്പിച്ചു തുടങ്ങി.
തൊഴിൽ ഉറപ്പ് പദ്ധതി തുടങ്ങിയതോടെ പാടത്ത് സ്ത്രീ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ യും ഉണ്ടായതോടെ കൃഷി ഉപേക്ഷിക്കാൻ വരെ തയ്യാറെടുക്കുകയാണ് കർഷകർ.