സ്വന്തം ലേഖകൻ
തൃശൂർ: നെല്ലിയാന്പതി ഫാമിലെ പേരയ്ക്ക ജാമും വയനാടൻ കാടുകളിലെ തേനുമെല്ലാം ഇനി ഒരിടത്തുനിന്നു വാങ്ങാം. കേരളത്തിലെ ആദ്യ അഗ്രോ ഹൈപ്പർമാർക്കറ്റ് 16നു തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെന്പൂക്കാവ് മൃഗശാലയ്ക്കു സമീപത്തു പ്രവർത്തനമാരംഭിക്കുന്ന കേരളശ്രീ അഗ്രൊ ഹൈപ്പർമാർക്കറ്റിൽ കാർഷിക സർവകലാശാലകൾ, കുടുംബശ്രീ, മത്സ്യഫെഡ്, നാളികേര വികസന ബോർഡ് തുടങ്ങിയ വിവിധ ഏജൻസികളുടെ ഉൽപന്നങ്ങളാണു വിൽപനയ്ക്കെത്തിക്കുക.
എക്സ്ബിഷനുകൾ നടക്കുന്പോൾ മാത്രം വാങ്ങാൻ കഴിഞ്ഞിരുന്ന ഇത്തരം ഉൽപന്നങ്ങൾ ഒരൊറ്റ കുടക്കീഴിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിത്തു മുതലുള്ള എല്ലാ കാർഷിക സാമഗ്രികകളും ഹൈപ്പർമാർക്കറ്റിൽ ലഭിക്കും. തൂന്പ മുതൽ കൊയ്ത്തുമെതി യന്ത്രങ്ങൾ വരെയുള്ള കൃഷിയുപകരണങ്ങളും ഇവിടെനിന്നു കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാന സർവകലാശാലകളുമായി സഹകരിച്ചു അവിടെ നിന്നുള്ള ഉൽപന്നങ്ങളും ഹൈപ്പർമാർക്കറ്റിൽ എത്തിക്കുന്നുണ്ട്. ഗുണമേന്മയുള്ള സംസ്ഥാനാന്തര നടീൽ വസ്തുക്കളും ഇത്തരത്തിൽ കൊണ്ടുവരും.
സംസ്ഥാനത്താകെ ഇത്തരം വിൽപനശാലകൾ തുടങ്ങുകയാണു സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായാണു തൃശൂരിൽ ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുന്നത്. ഇതേ രീതിയിലുള്ള രണ്ടു ഹൈപ്പർമാർക്കറ്റുകൾക്കൂടി ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം ആനയറയിലും വേങ്ങേരി മാർക്കറ്റിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള അഗ്രി ഇൻഡസ്ട്രീസ് കോർപറേഷൻ, കാംകോ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കൃഷി വിജ്ഞാൻ കേന്ദ്രം, വെറ്ററിനറി സയൻസ്, നെല്ലിയാന്പതി ഫാം, ഹോൾട്ടികോർപ്പ്, വിഎഫ്പിസികെ, മത്സ്യഫെഡ്, ഒൗഷധി, കേരള മെറ്റൽ ഇൻഡ്രസ്ട്രീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഹൈപ്പർമാർക്കറ്റിൽ നിന്നുവാങ്ങാം. ഉൽന്നങ്ങൾ നൂറു ശതമാനം ഓർഗാനിക്ക് ആയിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്നു മന്ത്രി പറഞ്ഞു.
പൂർണമായും സർക്കാർ-സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ മാത്രമായിരിക്കും വിൽപനയ്ക്കെത്തിക്കുക.അഗ്രി ഇൻഡസ്ട്രീസ് കോർപറേഷനാണു നടത്തിപ്പു ചുമതല. ചെന്പൂക്കാവിലെ അഗ്രിക്കൾച്ചർ കോംപ്ലക്സിലെ ഒന്നും രണ്ടും നിലകളിലായി പതിനായിരം ചതരുശ്ര അടിയിലാണു ഹൈപ്പർമാർക്കറ്റ്.
16നു രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മന്ത്രി എ.സി. മൊയ്തീനു കാർഷികോപകരണം നൽകി ആദ്യവിൽപന നടത്തും.