കോട്ടയം: നെൽകൃഷിയും പഠനവുമായി വേറിട്ട കാഴ്ചയാവുകയാണ് മുടിയൂർക്കര ഗവണ്മന്റ് എൽപി സ്കൂൾ. നെൽകൃഷിയുടെ പാഠം പകർന്നു നല്കാൻ തുടങ്ങിയ കരനെൽ കൃഷി കുട്ടികൾക്കും അധ്യാപകർക്കും ആവേശം നല്കിയിരിക്കുകയാണ്.
അധ്യാപകരും കുട്ടികളും ഒരേ മനസോടെ മണ്ണിലേക്കിറങ്ങിയതിന്റെ ഫലമായി സ്കൂളിലെ 45 സെന്റ് ഭൂമിയിൽ നെൽക്കതിരുകൾ സ്വർണ വർണമണിഞ്ഞു നിൽക്കുന്നു. നിലമൊരുക്കുന്നതും വിത്തിറക്കുന്നതും വളമിടുന്നതും എങ്ങനെയാണെന്ന് അനുഭവപാഠത്തിലൂടെ പഠിക്കുകയാണ് മുടിയൂർക്കര സ്കൂളിലെ 70 കുട്ടികൾ. വാർഡംഗം എൽസമ്മ വർഗീസിന്റെ നേതൃത്വത്തിലാണ് വിത്തിറക്കിയത്.
കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും 15 കിലോഗ്രാം ’ ഉമ’ നെൽവിത്ത് സൗജന്യമായിട്ടാണ് സ്കൂളിന് നൽകിയതെന്ന് പ്രധാന അധ്യാപിക സിന്ധു പറഞ്ഞു. വിത്തിറക്കിയതു മുതൽ കുട്ടികൾ വളരെ ആവേശത്തിലാണ്. രാവിലെ സ്കൂളിലെത്തിയാലുടൻ കുട്ടിക്കൂട്ടം കൃഷിയിടത്തിലേക്ക് ഓടും.
പിന്നെ നനയ്ക്കലും കളപറിക്കലും പാട്ടകൊട്ടി കിളികളെ ഓടിക്കലും ഒക്കെയായി ആകെ ഒരു ബഹളമാണ്. പിടിഎ യുടെ പൂർണ സഹകരണമാണ് കരനെൽ കൃഷി വിജയമായി മാറ്റാൻ സാധിച്ചതെന്നും അധ്യാപിക പറഞ്ഞു. കുമരകം നെല്ല് ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി പ്രഫ. വി.എസ് ദേവിയാണ് കുട്ടിക്കർഷകർക്ക് ആവശ്യമായ കാർഷിക നിർദേശങ്ങൾ നൽകുന്നത്. സ്കൂൾ വളപ്പിലെ കിണറ്റിൽ നിന്നുമാണ് ജലസേചനം നടത്തുന്നത്.
ജൂണ് 25നാണ് വിത്തിറക്കിയത്. 80-ാം പക്കം കതിരിട്ടു. പ്രളയക്കെടുതിയിൽ ജില്ലയിലാകെ നെൽകൃഷി നാശമുണ്ടായപ്പോഴും ഒരു കതിരു പോലും പാഴാകാതെ നിൽക്കുന്നു മുടിയൂർക്കര സ്കൂളിലെ നെൽപ്പാടം. പ്രളയത്തിനു ശേഷമുണ്ടായ കനത്ത ചൂടിൽ കിണറ്റിലെ വെള്ളം വറ്റിപ്പോകുമെന്ന ആശങ്കയുണ്ട്.
കുട്ടിക്കൂട്ടങ്ങൾക്ക് കൊയ്ത്തുത്സവത്തിന്റെ പാഠങ്ങൾ പകർന്നു നൽകണമെങ്കിൽ കനത്ത വേനലിനെ പ്രതിരോധിച്ചും കതിരുകൾ വിടർന്നു നിൽക്കണം. അതിനു കിണറ്റിലെ വെള്ളം വറ്റാതെയിരിക്കണം. ടീച്ചറിന്റെ ആശങ്കകൾ ഒഴിയുന്നില്ല.
ഇനി അതിനുള്ള പരിശ്രമത്തിലാണ് കുട്ടികളും അധ്യാപകരും. പ്രകാശ് മുരളിയെന്നു പേരുള്ള നെല്ലിമരവും ഷാൽസിയ എന്ന റംബൂട്ടാനും അജോ ജോസ് എന്നറിയപ്പെടുന്ന അൽഫോണ്സാ മാവും തുടങ്ങി ഒട്ടനവധി പിറന്നാൾ മരങ്ങൾ കടന്ന് പൂത്തുന്പി ജൈവ ഉദ്യാനത്തിനരികിൽ നിന്നാൽ താഴേ തട്ടിലെ കൃഷിയിടത്തിൽ പൊൻകതിരുകൾ വിളഞ്ഞു നിൽക്കുന്നതു കാണാം. പുതുതലമുറയുടെ പ്രതീക്ഷകളുടെ പൊൻ കതിരുകൾ.