ആലപ്പാട്ട്: വേനലിനോടു പടവെട്ടി ഇരുപ്പൂകൃഷിയിറക്കിയ പുറത്തൂർ കോൾപടവിൽ കൊയ്ത്തുത്സവം 21ന്. വെള്ളം കിട്ടില്ലെന്നു പറഞ്ഞ് ജില്ലയിലെ മറ്റു പടവുകാർ ഇരുപ്പൂകൃഷിയിറക്കാതെ മാറിനിന്നപ്പോഴാണു പുറത്തൂർ പടവിലെ 214 കർഷകർ രണ്ടുംകല്പിച്ച് കൃഷിയിറക്കിയത്. ഒരു ഹെക്ടറിൽനിന്ന് 5300 കിലോയോളം നെല്ല് ലഭിക്കുമെന്നാണു കർഷകരുടെ പ്രതീക്ഷ.
രണ്ടാംപൂവിൽ 200 ഏക്കർ മാത്രമുള്ള കോൾപ്പടവിൽനിന്ന് 420 ടണ്‍ കൂടുതൽ നെല്ല് കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണു കർഷകർ. 2008നുശേഷം രണ്ടാംതവണയാണു പുറത്തൂർപടവിൽ ഇരുപ്പൂകൃഷിയിറക്കുന്നത്. ആലപ്പാട്- പുള്ള് സർവീസ് സഹകരണ ബാങ്കിന്റെ പിന്തുണയും കർഷകർക്കുണ്ടായിരുന്നു.
ഒന്നാംവിള ജനുവരി എട്ടോടെ കൊയ്തിരുന്നു. തുടർന്ന് 31നാണ് ഇരുപ്പൂകൃഷിയിറക്കിയത്. സർക്കാരിൽനിന്ന് സൗജന്യമായി കിട്ടിയ ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്. 75 ശതമാനം സബ്സിഡിയിൽ കിട്ടിയ കുമ്മായവും കണ്ടങ്ങളിലിട്ടു. ഹെക്ടറിനു 10,000 രൂപ നൽകാമെന്നു കൃഷിവകുപ്പ് ഉറപ്പു നൽകിയെങ്കിലും കിട്ടിയില്ല. എന്നാൽ ഇതു കർഷകരെ തളർത്തിയില്ല. വെള്ളമില്ലാതെ പൊരിയുന്പോൾ കിട്ടിയ രണ്ടു വേനൽമഴ കൃഷിക്കു ഗുണമായി.
പടവിലെ ചാലുകളിലുള്ള വെള്ളം ചുറ്റിക്കറക്കിയാണെങ്കിലും കൃഷിക്കു വെള്ളമെത്തിച്ചു. വെള്ളത്തെ സൂക്ഷ്മമായി ഉപയോഗിക്കുകയായിരുന്നുവെന്നു ബാങ്ക് പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് വി.എസ്. സുകുമാരൻ, പടവ് കണ്‍വീനർ കെ.ഡി. കേശവരാജ്, ബാങ്ക് സെക്രട്ടറി കെ.എഫ്. ജിജോ എന്നിവർ പറഞ്ഞു.പടവിനരികിലൂടെയുള്ള മൂന്നു തോടുകളിൽനിന്ന് മൂന്നു സ്രോതസുകളിലെ വെള്ളമെടുക്കുന്നുണ്ട്.
താഴ്ന്ന പ്രദേശത്താണ് പുറത്തൂർ പടവ്. അതിനാൽ ഹെൽബർട്ട് കനാൽ, ചിറയ്ക്കൽതോട്, പഴുവിൽ തോട് എന്നിവയിലെ നീരൊഴുക്ക് പുറത്തൂർപടവിനേയും നനപ്പിച്ചു. പടവിനുള്ളിൽ മൊത്തം അഞ്ച് ഏക്കർ വിസ്തൃതിയുള്ള തോടുണ്ട്. ഈ തോടുകളിൽ വെള്ളം സംഭരിച്ചാണ് നെൽകൃഷിയിലേക്കു സമയാസമയങ്ങളിൽ വെള്ളമെത്തിച്ചത്.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പുറത്തൂർ മുനയംപാലം പരിസരത്ത് രാവിലെ എട്ടിനു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഗീതാ ഗോപി എംഎൽഎ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം തൃശൂർ- പൊന്നാനി സമഗ്ര കോൾ വികസന പദ്ധതിയുടെ ഭാഗമായി കിഴങ്ങുവർഗ വിത്തുകളുടെ വിതരണം സി.എൻ. ജയദേവൻ എംപി നിർവഹിക്കും. മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാർ എന്നിവർ മുഖ്യാതിഥികളാകും.
കാർഷിക വികസന ക്ഷേമ വകുപ്പ് ബിജു പ്രഭാകർ പദ്ധതി വിശദീകരിക്കും. പുറത്തൂർ കോൾപടവ് കമ്മിറ്റിയെ മന്ത്രി ആദരിക്കും. തുടർന്നു കാർഷിക സെമിനാറുമുണ്ടാകും. കണ്‍വീനർ കെ.ഡി. കേശവരാജിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് കണ്ടത്തിലാണ് കാർഷിക സർവകലാശാല 16 വർഷമായി നെൽകൃഷിയിലെ പരീക്ഷണങ്ങൾ നടത്തുന്നതെന്ന പ്രത്യേകതയും പുറത്തൂർ പടവിനുണ്ട്.