പറപ്പൂർ: ചെല്ലിപ്പാടത്ത് വിളവെടുപ്പിനു പാകമായ നെൽക്കതിരുകൾ കരിഞ്ഞുണങ്ങുന്നു. ചെല്ലിപാടത്ത് 70 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് കരിഞ്ഞുണങ്ങിയത്. ചെടികൾക്ക് 50 ദിവസം പ്രായമായപ്പോൾ കണ്ടുതുടങ്ങിയ ഇലകരിച്ചിൽ വിളവെടുപ്പിനു സമയമായപ്പോഴേക്കും നെൽമണികൾ വരെ കരിഞ്ഞുണങ്ങി പതിരായി കഴിഞ്ഞു.
തോളൂർ കൃഷി ഭവനിൽ കർഷകർ വിവരമറിയിക്കുകയും പരിഹാരമാർഗങ്ങൾ ചെയ്തുവെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. മണ്ണിലെ അസിഡിറ്റി വർധിച്ചതും ഇലകരിച്ചിൽ യോഗം മൂർച്ഛിച്ചതുമാണ് കൃഷി നാശത്തിനു ഇടയാക്കിയതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിളവെടുപ്പ് നടത്തിയാൽ കൂലിച്ചെലവു പോലും ലഭിക്കാത്ത അവസ്ഥയിലാണന്ന് ജില്ലാ വികസന സമിതി അംഗവും കർഷകനുമായ പി.ഒ. സെബാസ്റ്റ്യൻ പറഞ്ഞു.
120 ദിവസം മൂപ്പുള്ള ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതാണോ, ഇലകരിച്ചിൽ രോഗം മൂലമാണോ, എന്താണ് കൃഷിനാശത്തിനു കാരണമെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരിപ്പൂ കൃഷിയിറക്കാനായി നേരത്തെ വായ്പയെടുത്ത് കൃഷിയിറക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത കർഷകർ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒരു ഏക്കറിന് ഇരുപതിനായിരം രൂപയിലേറെ ചെലവു ചെയ്താണ് ചെല്ലിപ്പാടത്ത് നെൽകൃഷി ചെയ്തിട്ടുള്ളത്. ചെല്ലിപ്പാടത്തെ ഭൂരിഭാഗം കർഷകരും ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടില്ലെന്നും പറയുന്നു. ഏനാമാവ്, മണലൂർ മേഖലയിലെ കോൾപടവുകളിൽ ഇരിപ്പൂ കൃഷി ചെയ്യാനായി ഞാറ്റടി തയാറാക്കാൻ ഉദേശിച്ചിട്ടുള്ളത് തോളൂർ പഞ്ചായത്തിലെ ചെല്ലിപാടത്താണ്.
സമയത്തിന് വിളവെടുത്തു നിലമൊരുക്കി ഞാറ്റടി തയാറാക്കിയില്ലെങ്കിൽ ഏനാമാവ്, മണലൂർ മേഖലയിലെ 600 ഏക്കറിലേറെ സ്ഥലത്തെ ഇരിപ്പു കൃഷിയും അവതാളത്തിലാകുമെന്നതാണ് സ്ഥിതി. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.