മണിമല: മൂന്നു മാസം മുന്പ് മണിമല തുണ്ടുമുറി ടി. തോമസ് (ബേബിച്ചൻ) നിർമിച്ച പുതിയ വീടിന്റെ മുറ്റത്ത് ചെടികൾക്ക് പകരം നെല്ലാണ് പാകിയത്. ബേബിച്ചന്റെ ശ്രമം വെറുതെയായില്ല.
ഇന്ന് ഈ വീടിന് മുമ്പിൽ നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ്. നെൽക്കതിരുകൾ കൊയ്യാൻ തയാറായി നിൽക്കുകയാണ്.
മങ്കൊമ്പിലുള്ള ബന്ധുവാണ് വിതയ്ക്കാനാവശ്യമായ നെൽവിത്ത് നൽകിയത്. പിന്നീട് വിതച്ച നെല്ല് പരിപാലിക്കാനുള്ള കഷ്ടപ്പാടായിരുന്നു.
മഴയില്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മോട്ടോർ ഉപയോഗിച്ച് നന്നായി നനച്ചും കൃത്യമായ ഇടവേളകളിൽ വളം നൽകിയുമാണ് നെൽകൃഷി പരിപാലിച്ചത്.
കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്നു ബേബിച്ചൻ പറയുന്നു. നെൽകൃഷി പലയിടത്തും ഓർമ മാത്രമാകുമ്പോഴാണ് കരനെൽ കൃഷിയിൽ ഇവിടെ നൂറുമേനി വിളവ് ലഭിച്ചത്.
കരനെൽ കൃഷിയിൽ മികച്ച വിളവു ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. വീട്ടുമുറ്റത്തെ നെൽകൃഷി കാണാൻ നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.