എടത്വ: പാടശേഖരങ്ങളിലെ നെൽചെടികൾ കരിഞ്ഞുണങ്ങുന്നു. വീയപുരം കൃഷിഭവൻ പരിധിയിൽപ്പെട്ട പ്രായാറ്റേരി-മണിയങ്കേരി 65 ഹെക്ടർ, കരീപ്പാടം 34 ഹെക്ടർ, പോട്ട-കളയ്ക്കാട് 68 ഹെക്ടർ, പാന്പനം-വെള്ളക്കുഴി 38 ഹെക്ടർ എന്നീ പാടശേഖരങ്ങളിലെ നെൽചെടികളാണ് കരിഞ്ഞുണങ്ങുന്നത്.
ശുദ്ധജല ലഭ്യതയുടെ കുറവും നദികളിൽ ഓരുവെള്ളത്തിന്റെ സാന്നിധ്യവും നെൽചെടികൾക്ക് ഭീഷണിയായിരിക്കുകയാണ്. ഡാം തുറന്ന് ശുദ്ധജലം എത്തിക്കാമെന്ന് കളക്ടർ പ്രഖ്യാപിച്ചിട്ടും നടപടിയായിട്ടില്ലെന്നും കർഷകർ പരാതി പറയുന്നു. വൃത്താകൃതിയിലാണ് നെൽചെടികൾ കരിഞ്ഞുണങ്ങി നിൽക്കുന്നത്.
അച്ചൻകോവിൽ ആറ്റിൽ ഓരുവെള്ളത്തിന്റെ അളവ് കൂടുതലാണ്. പാടത്തേയ്ക്ക് ഉറവ കയറിയാണ് നെൽചെടികൾ കരിയുന്നതിന് കാരണമായത്. കൃഷിക്ക് വെള്ളം ആവശ്യമായ സമയത്താണ് നദികളിൽ ജലനിരപ്പ് താഴ്ന്നതും ഓരുവെള്ളം കയറിയതുമെന്ന് കർഷകർ പറയുന്നു.
പത്ത് ദിവസം കൂടി ഈ നില തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. നദിയിൽ ഓരിന്റെ അംശം കുറഞ്ഞിട്ടിണ്ടോ എന്ന് അറിയാനായി വെള്ളത്തിന്റെ സാന്പിൾ കളർകോട്ടുള്ള ലാബിൽ പരിശോധിച്ചുവരുകയാണ്.
കർഷകരുടേയും പാടശേഖര സമതിയുടേയും പരാതിയെ തുടർന്ന് മങ്കൊന്പ് നെല്ല് ഗവഷണ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് സ്ഥിതി ഉറപ്പ് വരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ ഓരു വെള്ളം മൂലം കൃഷിനാശം സംഭവിക്കാതിരിക്കാൻ ഡാം തുറന്നുവിട്ട് ശുദ്ധജലം എത്തിക്കാൻ കൃഷി വകുപ്പിനോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു.