വടക്കഞ്ചേരി: കൊയ്ത്ത് യന്ത്രത്തോടൊപ്പം നെല്ലു ണക്ക് യന്ത്രവുമെത്തി. ആലത്തൂർ നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായുള്ള ഹരിതമിത്ര സൊസൈറ്റിയാണ് മൊബൈൽ നെല്ലുണക്ക് യന്ത്രം കർഷകർക്കായി എത്തിച്ചത്. കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി പ്രകാരം കൊയ്ത്ത് മിഷനുകളും കർഷകർക്ക് എത്തിച്ച് കൊടുത്തിരിരുന്നു.
കൊയ്തെടുക്കുന്ന നെല്ല് ഈർപ്പത്തോടുകൂടി സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് മണിക്കൂറുകൾക്കകം നെല്ലുണക്കി ചാക്കുകളിലാക്കി സൂക്ഷിക്കാം. പഞ്ചാബിൽ വികസിപ്പിച്ചെടുത്ത യന്ത്രം കർഷകരുടെ ആവശ്യപ്രകാരം കഴിഞ്ഞ വർഷവും ആലത്തൂരിൽ എത്തിയിരുന്നു. നെല്ല് കാറ്റത്തിടുന്ന വിന്നോവർ യന്ത്രവും ഇതിനോടൊപ്പമുണ്ട്. ഒരു മണിക്കൂർ കൊണ്ട് രണ്ട് ടണ്‍ നെല്ല് വരെ ഉണക്കാനുളള സംവിധാനമാണുള്ളത്.
സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് ഉതകുന്ന തരത്തിൽ ഈർപ്പം പതിനേഴ് ശതമാനമാക്കി കുറക്കുകയാണ് ചെയ്യുന്നത്. കർഷകരുടെ ആവശ്യാനുസരണം അവരവരുടെ വീടുകളിൽ വന്ന് നെല്ല് ഉണക്കി കൊടുക്കും. മണിക്കൂറിന് 2600 രൂപയാണ് ഇപ്പോൾ വാടകയായി ഈടാക്കുന്നത്. നെല്ലുണക്ക് യന്ത്രത്തിന്റെ ആലത്തൂർ മണ്ഡലംതല ഉദ്ഘാടനം മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പാടശേഖരത്തിൽ നടന്നു.
കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് അധ്യക്ഷയായി. നിറ പദ്ധതി കണ്‍വീനർ എം.വി രശ്മി, കവിത പ്രേമദാസ്, പി. ശശികുമാർ, സന്തോഷ്, ഗൗതം എന്നിവർ സംസാരിച്ചു. നെല്ലുണക്ക് യന്ത്രം ആവശ്യമുള്ളവർ ഹരിതമിത്ര സൊസൈറ്റി സെക്രട്ടറി മുഹമ്മദ് ഫർവാ ദുമായി ബന്ധപ്പെടണം. ഫോണ്‍: 79072 36696.