കുമരകം: പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില നാളിതുവരെ ലഭിക്കാത്ത കര്‍ഷകര്‍ വിരിപ്പുകൃഷി ഇറക്കാന്‍ പണമില്ലാതെ നെട്ടോട്ടത്തില്‍. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടി വരിക പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്ന സാധാരണക്കാര്‍ക്കാണ്.
വിരിപ്പുകൃഷി (വര്‍ഷ കൃഷി) ഇറക്കാതിരുന്നാല്‍ സാധാരണക്കാരുടെ വീടുകളും പരിസരങ്ങളും വെള്ളത്തിലാകും. ഇതു വിവിധതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരും. വെള്ളപ്പാെക്കം നേരിടുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും.
കെട്ടുതാലി പോലും പണയപ്പെടുത്തിയും ലഭ്യമാകുന്നിടത്തുനിന്നെല്ലാം കടമെടുത്തും ഉത്പാദിപ്പിച്ച നെല്ലിന്റെ വില മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകരുടെ പേരില്‍ വായ്പയായിപോലും നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കര്‍ഷകരോടു കാണിക്കുന്ന അവഗണനയാണ്.
നിലം ഒരുക്കി വിത നടത്താന്‍ തന്നെ ഏക്കറിന് ആയിരക്കണക്കിന് രൂപ മുടക്കേണ്ടിവരും. ഒരേക്കര്‍ നിലത്ത് കൃഷി ഇറക്കി വിളവെടുക്കാന്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തിലാണ് വിറ്റ നെല്ലിന്റെ വില കിട്ടാതെ കടം വീട്ടാനും അടുത്ത കൃഷിയിറക്കാനുമാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
വേനല്‍മഴ തുടങ്ങിയപ്പോള്‍ത്തന്നെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കക്കെടുതി അനുഭവപ്പെട്ടുതുടങ്ങി. കാലവര്‍ഷം എത്തുന്നതോടുകൂടി സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എത്രയും പെട്ടെന്ന് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്കി വിരിപ്പുകൃഷി ഇറക്കിക്കണം.
നെല്ലു വില ലഭിക്കാതിരിക്കുകയും കര്‍ഷകര്‍ കൃഷി ചെയ്യാതിരിക്കുകയും ചെയ്താല്‍ ബണ്ട് സംരക്ഷണം നടത്തി മോട്ടോര്‍ പ്രവര്‍ത്തപ്പിച്ച് പാടശേഖരങ്ങള്‍ക്കുള്ളിലെ ജലനിരപ്പ് നിയന്ത്രിക്കണം. ഇതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ചെലവില്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.