വെഞ്ഞാറമൂട്: കൊയ്യാറയ പാടത്തിലെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ മൂന്നുതോട്ടിലെ ആറര ഹെക്ടർ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വിളഞ്ഞ നെല്ലുകൾ കൊയ്യാൻ ഏതാനും ദിവസം ബാക്കി നിൽക്കെയാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.
കുമാരി, അജിത, രാധാകൃഷ്ണൻനായർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, ബിനുകുമാർ എന്നിവരുടെ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കാട്ടുപന്നികളിൽ നിന്നും പ്രദേശത്തെ കൃഷിയെ സംരക്ഷിക്കുന്നതിന് സോളാർ വേലി കെട്ടുന്നതിനുള്ള പദ്ധതി ടെൻഡർ നടപടികളായെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീകണ്ഠൻ നായർ പറഞ്ഞു.
കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും കർഷക സംഘം ഏരിയാ പ്രസിഡന്റ് ആർ മുരളി , സെക്രട്ടറി എം.എസ്. രാജു എന്നിവർ ആവശ്യപ്പെട്ടു.