കുമരകം: കടം വാങ്ങിയും ഏറെ വിയർപ്പൊഴുക്കിയും ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് നൽകിയിട്ടും വില ലഭിക്കാതെ കർഷകർ നെട്ടോട്ടത്തിൽ. നെല്ല് കൊടുത്ത് ആഴ്ചകൾക്കുശേഷം ലഭിച്ച പിആർഎസ് ബാങ്കിൽ നൽകി വില കൈപ്പറ്റാമെന്ന പ്രതീക്ഷയിലായിരുന്നു നെൽകർഷകർ.
എന്നാൽ സർക്കാർ കരാറിലേർപ്പെട്ട എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ഒരു ബാങ്കുകളും പിആർഎസ് വാങ്ങി വായ്പയായിട്ടു പോലും കർഷകന് പണം നൽകുന്നില്ല.
സപ്ലൈകോയിൽനിന്ന് ലിസ്റ്റ് വന്നിട്ടില്ലെന്നാണ് ബാങ്കുകാർ കർഷകരോടു പറയുന്നത്. സപ്ലൈകോയുടെ കേന്ദ്ര ഓഫീസിൽനിന്നാണ് പണം നൽകേണ്ട കർഷകരുടെ ലിസ്റ്റ് അയയ്ക്കേണ്ടത്.
എന്നാൽ കഴിഞ്ഞ മാസം 20-ാം തീയതിക്കു ശേഷം ഒരു ബാങ്കിലേക്കും സപ്ലെെകോയിൽനിന്ന് ലിസ്റ്റ് നൽകിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ജാഗ്രത പിന്നീടില്ലാത്തതാണ് വിനയായതെന്നാണ് കർഷകർ പറയുന്നത്.
കോട്ടയം ജില്ലയിൽ 117 കോടി രൂപയുടെ നെല്ലാണ് സപ്ലെെകാേ സംഭരിച്ചത്. ഇതിൽ 83 കോടി രൂപാ തെരഞ്ഞെടുപ്പിന് മുമ്പു കൊടുത്തു.
കഴിഞ്ഞ മാസം 20-ന് മുമ്പ് പേഓർഡർ ആയ നെല്ലിന്റെ വിലയാണ് നൽകിയത്.
ഇനിയും സംഭരിച്ച നെല്ലിന്റെ 34 കോടി രൂപാ കർഷകർക്ക് നൽകാനുണ്ട്. മാത്രവുമല്ല പുഞ്ചയുടെ 15 ശതമാനം നെല്ല് സംഭരിക്കാൻ ഇനിയും ബാക്കിയാണ്.
എന്നത്തേക്ക് കർഷകരുടെ പിആർഎസ് വാങ്ങി പണം ലഭ്യമാക്കുമെന്ന ചോദ്യത്തിന് പാഡി പെയ്മെന്റ് ഓഫീസർക്കു മറുപടി പോലും ഇല്ല. കടം വീട്ടാനും വിരിപ്പുകൃഷി ഇറക്കാനും ഒരു മാർഗവുമില്ലാതെ നട്ടം തിരിയുകയാണ് നെൽ കർഷകർ.