പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും നെൽകർഷകർ ദുരിതത്തിലായി. കൊയ്ത്ത് കഴിഞ്ഞ നെല്ലുമുഴുവൻ സപ്ലൈകോ ഏറ്റെടുത്തു കൊണ്ടുപോയി. എന്നാൽ, ഒരു മാസത്തിലധികമായിട്ടും ഒരു പൈസപോലും ലഭിക്കാത്തതാണു കർഷകരെ ദുരിതത്തിലാക്കിയത്. നാട്ടുകാരിൽനിന്നും കടം വാങ്ങിയും സഹകരണ ബാങ്കുകളിൽനിന്നും വായ്പയെടുത്തുമാണ് കർഷകർ പാടശേഖരത്ത് കൃഷിയറക്കിയിരുന്നത്.
കടം വാങ്ങിയ തുക തിരിച്ചടക്കേണ്ട സമയം അധിക്രമിച്ചതിനാൽ ബാങ്കുകളിൽനിന്നും നോട്ടീസുകളും വന്നു തുടങ്ങിയതായി കർഷകർ പറയുന്നു. ജില്ലാ സപ്ലൈക്കോ ഓഫീസർ (പാഡി ഓഫീസർ) ഒന്നരമാസമായി ലീവിലാകുകയും തുടർന്ന് വേറെ ഓഫീസറെ നിയമിക്കുകയും ചെയ്തെങ്കിലും അദ്ദേഹം രണ്ടു ദിവസം മാത്രം ജോലി നോക്കി ലീവെടുക്കുകയായിരുന്നു.
ഇതോടെയാണ് നെല്ല് കൊടുത്ത കർഷകർ ദുരിതത്തിലായത്. കൊയ്തെടുത്ത നെല്ലും കൊണ്ടുപോയി അതിന്റെപണവും കിട്ടാതെ വന്നതോടെഇനി എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് തെക്കുംകര പഞ്ചായത്തിലെ നെൽകർഷകർ. എന്നാൽ സംഭവം അനിൽ അക്കര എംഎൽ എയെ അറിയിച്ചതിനെത്തുടർന്ന് അധികൃതരുമായി ചർച്ച നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.