മങ്കൊന്പ്: കർഷകർക്കാവശ്യമായ ഘട്ടത്തിൽ വിത്ത് എത്തിക്കുമെന്ന കൃഷിമന്ത്രിയുടെ വാക്കു വെറുതെയായി. വിത്തു ക്ഷാമത്താൽ വിത മുടങ്ങി. കുട്ടനാട്ടിലെ ഏറ്റവും വലിയ കായൽനിലമായ ഇ ബ്ലോക്ക് ഇരുപത്തിനാലായിരം കായലിലാണു വിത മുടങ്ങിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ വിത്തുവിതരണം ചെയ്ത നീലംപേരൂർ കൃഷിഭവനിൽ തന്നെയാണ് ഇപ്പോൾ ക്ഷാമം. നിലമൊരുക്കൽ ജോലികൾ പൂർത്തിയായ പാടശേഖരത്തിൽ വിതയ്ക്കാത്തതിനാൽ കള തഴച്ചുവളരുകയാണ്. എന്നാൽ, തങ്ങൾക്കായി കൊണ്ടുവന്ന വിത്ത് പാടശേഖരങ്ങൾക്കു കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായതെന്നാണ് ഇവിടുത്തെ കർഷകർ ആരോപിക്കുന്നത്.
വെള്ളപ്പൊക്കത്തെ അതിജീവിച്ചും കഴിഞ്ഞ 16നു തന്നെ പാടശേഖരസമിതി കായലിലെ വെള്ളം വറ്റിച്ചു വിതയ്ക്കു പാകമാക്കിയിരുന്നു. ആഴ്ചകൾക്കു മുന്‍പു വിത്തിനായി കൃഷിഭവനിൽ അപേക്ഷ നൽകി കാത്തിരുന്ന കർഷകർ ഇതോടെ നിരാശയിലായിരിക്കുകയാണ്.
നീലംപേരൂർ കൃഷിഭവൻ പരിധിയിൽ 3,567 ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കുന്നത്. ഇിതിനായി കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ഏക്കറൊന്നിന് 40 കിലോഗ്രാം പ്രകാരം 357 ടണ്‍ വിത്താണ് ആവശ്യമുള്ളത്. എന്നാൽ, പാടശേഖരങ്ങൾ മിക്കവാറും വിതയ്ക്കു തയാറെടുത്ത സാഹചര്യത്തിൽ 150 ക്വിന്റൽ വിത്തു മാത്രമാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കൃഷിനാശം വിലയിരുത്താൻ കുട്ടനാട്ടിലെത്തിയ കൃഷിമന്ത്രിയോട് കർഷകർ വിത്തിന്റെ ലഭ്യത സംബന്ധിച്ച ആശങ്കയറിയിച്ചിരുന്നു. എന്നാൽ, വിത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഓരോ പാടശേഖരത്തിലും വിതയ്ക്കു സമയമാകുന്പോൾ വിത്ത് എത്തിച്ചു നൽകുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു. ആദ്യം വിത നടക്കുന്നതിനാൽ നീലംപേരൂരിൽ 150 ക്വിന്റൽ വിത്ത് നൽകിയെന്നും രണ്ടു ദിവസത്തിനകം അവശേഷിക്കുന്ന വിത്ത് എത്തിക്കുമെന്നുമായിരുന്നു ഉറപ്പ്. ഈ ഉറപ്പാണ് പാഴായിരിക്കുന്നത്. 15നു മുന്‍പ് വിത നടന്നാലെ കൃഷി സുഗമമാകൂ.
വിത്തിനു ക്ഷാമം ഉണ്ടെങ്കിലും രണ്ടുമൂന്നു ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നതെന്നു നീലംപേരൂർ കൃഷി ഓഫീസർ അറിയിച്ചു. വിത്തിന്റെ കാര്യം നിരന്തരമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഇ ബ്ലോക്കു കായലിന് 25 ടണ്‍ വിത്തു നൽകിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.