ചിറ്റൂർ: പൊൽപ്പുള്ളിയിൽ ഓലകരിച്ചിൽ ബാധിച്ച ഏഴേക്കർ നെൽകൃഷി കർഷകൻ ഉഴുതുമറിച്ചു. കൊള്ളുപറന്പ് പാടശേഖരസമിതിയംഗം പുന്നക്കോട് ഷണ്മുഖന്റെ നെൽപ്പാടമാണ് പവർടില്ലർ ഉപയോഗിച്ച് ഉഴുതുമറിച്ചത്. സമീപത്തെ കർഷകരായ റെജി പ്രസാദ്, ദിനേശ്, വിജയലക്ഷ്മി എന്നിവരുടെ കൃഷിയും ഓലകരിച്ചിലിൽ നശിച്ചു.
ഷണ്മുഖൻ വിവരം അറിയിച്ചതിനെ തുടർന്ന് കൃഷിഭവൻ അധികൃതരെത്തി പരിശോധന നടത്തി ഒരുവിധത്തിലും നെൽച്ചെടികളെ സംരക്ഷിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു പാടം ഉഴുതുമറിച്ചത്.
വിത്ത്, വളം, കളപറി തുടങ്ങിയ ജോലികൾക്കു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പലിശയ്ക്കു പണംവാങ്ങി ഇതിനകം ഒരുലക്ഷത്തിലേറെ രൂപ ഷണ്മുഖൻ ചെലവഴിച്ചു. നിലവിലുള്ള സാഹചര്യത്തിൽ വൈക്കോൽപോലും ലഭിക്കില്ല.
മുൻകാലങ്ങളിൽ ഓലകരിച്ചിൽ, കുമിൾരോഗം എന്നിവയുണ്ടായപ്പോൾ പ്രതിരോധമരുന്നു തെളിയിലൂടെ കൃഷിയെ സംരക്ഷിക്കാനായി. എന്നാൽ ഇത്തവണ നെൽച്ചെടി മൊത്തം വാടിക്കരിഞ്ഞതോടെ കർഷകന്റെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു.
അമിതതോതിൽ മഴപെയ്തതും ഓലകരിച്ചിലിനു ഒരു കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാംവിളയ്ക്കു വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ രണ്ടാംവിളയിറക്കാൻ എന്തുചെയ്യുമെന്നറിയാതെ വലയുകയാണ് കർഷകർ.