ആലപ്പുഴ: കർഷകരുടെ ആത്മഹത്യകളിലൂടെ കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ കല്ലറയാക്കിയിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു.
കർഷകരിൽ നിന്നു നെല്ലെടുക്കുന്ന സംസ്ഥാന സർക്കാർ സമയബന്ധിതമായി വിലകൊടുക്കാതെ കടക്കാരാക്കുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്നും കർഷകരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരേ അതി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ഹസൻ പറഞ്ഞു.
ആത്മഹത്യചെയ്ത കർഷകന്റെ വീട് സന്ദർശിച്ച ശേഷം യുഡിഎഫ് കുന്നുമ്മയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസാദിന്റെ കുടുംബത്തെ ദത്തെടുക്കണമെന്നും കടം സർക്കാർ ഏറ്റെടുക്കണമെന്നും യോഗത്തിൽ സംബന്ധിച്ച കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് എക്സ് എംപി ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കൺവീനർ ബി. രാജശേഖരൻ, എ.എ. ഷുക്കൂർ, എ.എം. നസീർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.