വിറ്റാമിൻ സിയുടെ ശേഖരമായ നെല്ലിക്ക പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു.
ജരാനരകൾ വൈകിപ്പിക്കുന്നു. ച്യവനപ്രാശം ഉൾപ്പെടെ നിരവധി ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്.
വിറ്റാമിൻ സി
വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡൻറാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകർ.
മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.
എല്ലുകളുടെ കരുത്തിന്
കാൽസ്യം, ഫോസ്ഫറസ്, ഇരുന്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം.
കൊളസ്ട്രോൾ വരുതിയിലാക്കാം
പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണപ്രദം. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.
വിളർച്ച തടയാം
നെല്ലിക്കയിലെ ഇരുന്പ് രക്തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം.
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു.
പ്രത്യുത്പാദനക്ഷമത മെച്ചപ്പെടു ത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.
കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂർണം. ദിവസവും രാത്രി ഇതു വെളളത്തിൽ കലക്കിക്കുടിച്ചാൽ മലബന്ധം മൂലം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം കിട്ടുമെന്ന് ആയുർവേദം. ശോധനയ്ക്കു സഹായകം.
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്!
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. അതിലേക്കു ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുക.
ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക.
അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ദിവസവും ഇതുകഴിച്ചാൽ രോഗപ്രതി രോധശക്തി മെച്ചപ്പെടും.
ആൻറി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്തി നിലനിർത്താം. ശരീരവും മനസും തെളിയും.
ആന്റിഓക്സിഡന്റും നെല്ലിക്കയും തമ്മിൽ..
ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങളാണ് ആന്റി ഓക്സിഡന്റുകൾ. ഭക്ഷണത്തിലെ ചില വിറ്റാമിനുകളും ആൻറി ഓക്സിഡന്റാണ്.
നെല്ലിക്കയിലെ വിറ്റാമിൻ സി ആന്റി ഓക്സിഡന്റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു. വിവിധരീതികളിൽ ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.
ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങളിലും നെല്ലിക്കയിലെ ആൻറി ഓക്സിഡൻറുകൾ സഹായികളെന്നു പഠനങ്ങൾ പറയുന്നു. അത്തരം പ്രവർത്തനങ്ങളാണ് ഡിടോക്സിഫിക്കേഷൻ എന്നറിയപ്പെടുന്നത്.