നിലന്പൂർ: കോവിഡിനെ പ്രതിരോധിക്കാൻ വിറ്റാമിൻ സി ഏറെയുള്ള നെല്ലിക്ക നല്ലതാണെന്നറിഞ്ഞതോടെ നെല്ലിക്കക്ക് ആവശ്യക്കാരേറെ. അതോടെ തൊഴിലില്ലാത്ത ചെറുപ്പക്കാരും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുമെല്ലാം തിരക്കിട്ട നെല്ലിക്ക വിൽപ്പനയിലാണ്.
ദേശീയപാതയോരത്തുൾപ്പെടെ നിരത്തുകളുടെ ഇരു വശങ്ങളിലുമായി നെല്ലിക്ക വണ്ടികൾ ഇടം പിടിച്ചിരിക്കുകയാണ്.
കോവിഡിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളും കോവിഡ് മൂലം നാട്ടിൽ തൊഴിലില്ലാതായ യുവാക്കളുമാണ് നെല്ലിക്ക വ്യാപാരത്തിൽ തൊഴിൽ കണ്ടെത്തുന്നത്.
നെല്ലിക്ക വിൽപ്പന ഒരു തൊഴിൽ മാത്രമല്ല, കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനം കൂടിയാണെന്ന് എടക്കര പാലത്തിന് സമീപം നെല്ലിക്ക വിൽപന നടത്തുന്ന കൂറ്റന്പാറയിലെ കരുവാൻ തൊടിക ഷറഫലി പറയുന്നു.
13 വർഷത്തെ പ്രവാസ ജീവിതത്തിൽ കാര്യമായി ഒന്നും സന്പാദിക്കാൻ കഴിയാതെയാണ് കോവിഡ് മൂലം തൊഴിൽ നഷ്ടമായി അഞ്ചു മാസംമുന്പ് ഷറഫലി നാട്ടിൽ തിരിച്ചെത്തിയത്.
ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നപ്പോഴാണ് കയ്യിൽ മിച്ചമുണ്ടായിരുന്ന പണം കൊണ്ട് ഒരു ഗുഡ്സ് വാഹനം വാങ്ങി നെല്ലിക്ക കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മൈസൂരുവിലെ മാർക്കറ്റിൽ നിന്നു നെല്ലിക്കയെടുത്ത് നാട്ടിലെത്തിച്ച് വിൽക്കുകയാണ്.
ദിവസം ശരാശരി 250 കിലോയോളം വിൽപ്പന നടക്കുന്നുണ്ടെന്ന് ഷറഫലി പറയുന്നു. ഈ യുവാവിനെ പോലെ നിരവധി പ്രവാസികളാണ് നിരത്തോരങ്ങളിൽ ഉപജീവന മാർഗം തേടുന്നത്.
കേരളത്തിലേക്ക് നെല്ലിക്കയെത്തുന്നത് പ്രധാനമായും മധുരയിലെ ശിവഗംഗ, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുമാണ്. ഒരു കിലോക്ക് അന്പത് രൂപയാണ് ചില്ലറ വിൽപ്പന വില. നാടൻ നെല്ലിക്കയുടെയും വിളവെടുപ്പ് കാലമാണിപ്പോൾ.