തളിപ്പറമ്പ്: വഴിയേ പോകുന്നവരുടെ വാക്ക് കേട്ട് കേസെടുക്കുന്ന സമ്പ്രദായം തുടങ്ങിയാല്‍ പിണറായി മന്ത്രിസഭയിലെ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ. ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തവളുടെ വാക്ക് കേട്ടാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കേസെടുക്കുന്നത്.
അങ്ങനെ ഒരു സമ്പ്രദായം നടപ്പിലാക്കിയാല്‍ കേസില്ലാത്ത ഒരു സിപിഎം നേതാവ് പോലും കേരളത്തില്‍ ഉണ്ടാകില്ല.
പിണറായി സ്വന്തം മന്ത്രിസഭയിലെ അവസാനവിക്കറ്റ് തെറിച്ചത് എന്ത് കാരണത്താല്‍ ആണെന്ന കാര്യം ഓര്‍ക്കണം. കേരളത്തിലെ ജനങ്ങള്‍ അത് മറന്നിട്ടില്ല. കേള്‍ക്കാന്‍ അറയ്ക്കുന്ന അശ്ലീല സംഭാഷണം മന്ത്രി നടത്തുന്നത് തെളിവ് സഹിതമാണ് ജനം സോഷ്യല്‍ മീഡിയകളിലൂടെ അടക്കം കേട്ടത്.
അയാള്‍ക്കെതിരെ വസ്തുനിഷ്ഠമായ അന്വേഷണം നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ മാന്യമാര് ചമഞ്ഞ് ഇല്ലാക്കഥയുടെ പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതെന്നും എന്‍.എ. നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങള്‍ സ്മാരക സൗധം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് എം.ഹുസൈന് ഹാജി അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം, അബ്ദുറഹ്മാന് പുല്‍പ്പറ്റ പ്രഭാഷണം നടത്തി. തളിപ്പറമ്പ് നഗരസഭ ചെയര്മാന് മഹമൂദ് അള്ളാംകുളം, സി.പി.വി.അബ്ദുല്ല, കെ.പി.നൂറുദ്ദീന്‍, എം.അഹമ്മദ്, ആലിക്കുഞ്ഞി പന്നിയൂര്‍, പി.സി.നസീര്‍, അഡ്വ.കെ.പി.മുജീബ്റഹ്മാന്‍, കെ.പി.താജുദ്ദീന്, കെ.പി.ജാഫര്‍, സുബൈര്‍ മണ്ണന്‍, കെ.പി.ഷംസീര്‍, സാമ അബ്ദുല്ല, കെ.പി.അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു.