തൊടുപുഴ: പുനലൂർ-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിൽ അപകടം നിത്യസംഭവമാകുന്നു.
കെഎസ്ടിപി പദ്ധതിയിൽപ്പെടുത്തി ആധുനിക രീതിയിലാണ് നിർമാണം നടത്തിയിരിക്കുന്നതെങ്കിലും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു സംഭവമാണ്.
കഴിഞ്ഞ ദിവസം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്.
ഭാഗ്യം കൊണ്ടാണ് വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതെ വൻ അപകടങ്ങൾ വഴിമാറുന്നത്. നെല്ലാപ്പാറ കുരിശുപള്ളിക്ക് മുന്നിലെ കൊടും വളവിലാണ് പതിവായി അപകടം സംഭവിക്കുന്നത്. ഒരേ സ്ഥലത്തു തന്നെയാണ് വാഹനാപകടങ്ങൾ നടക്കുന്നതെങ്കിലും ഇതിനു കാരണം കണ്ടെത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല.
കൊടും വളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാൽനട യാത്രക്കാർക്കുള്ള നടപ്പാത പോലും ഇല്ലാത്തതിനാൽ കാൽനടക്കാരുടെ സമീപത്തേക്ക് വാഹനം പാഞ്ഞുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട്.
കെഎസ്ആർടിസി ബസ് വളവിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്. വളവുകൾ അതേ പടി നിലനിർത്തി റോഡിനു വീതി കൂട്ടിയപ്പോഴാണ് ഇവിടെ അപകടങ്ങൾ വർധിച്ചത്. വളവുകൾ ഇല്ലാതാക്കാൻ ഭൂമി ഏറ്റെടുത്തെങ്കിലും ഈ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
മൂവാറ്റുപുഴ-പുനലൂർ പാതയിൽ കരിങ്കുന്നം- നെല്ലാപ്പാറ-കോലാനി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള കൊടും വളവുകൾ ഏറെയുമുള്ളത്. പലപ്പോഴും രാത്രിയിൽ എത്തുന്ന വാഹനങ്ങൾക്കാണ് വളവുകൾ ഭീഷണിയാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത വിധത്തിലുള്ള കൊടും വളവുകളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ഏറെ പണിപ്പെടണം.
റോഡിനായി ഏറ്റെടുത്ത സ്ഥലം പരമാവധി പ്രയോജനപ്പെടുത്താതെ ടാറിംഗ് നടത്തിയതാണ് വളവുകൾ അപകടക്കെണികളായി മാറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. 132 കിലോറ്റീർ പാതയിൽ 27 കൊടും വളവുകളുണ്ട്.
വളവുകൾ നിർമിച്ചിരിക്കുന്നതിലെ ശാസ്ത്രീയ പിഴവുകൾ മൂലം ഡീസൽ ചോർന്നും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഫയർഫോഴ്സ് എത്തി ഡീസൽ കഴുകി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത്.
വാഹനാപകടങ്ങൾ നിത്യസംഭവമായ തൊടുപുഴ-പാലാ റോഡിലെ നെല്ലാപ്പാറ വളവ് അപകട രഹിതമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ ടോം തോമസ് പൂച്ചാലിൽ കളക്ടർക്ക് പരാതി നൽകി. റോഡു നിർമാണത്തിലെ അപാകതയാണ് ഇവിടെ അപകടം പതിവാകുന്നതിന് കാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.