പനമരം: നെല്ലിയന്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വലയിലായെന്ന് സൂചന.
ഇത് സംബന്ധിച്ച് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തിയേക്കും. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കേണിച്ചിറ സിഐ, മാനന്തവാടി സിഐ, പടിഞ്ഞാറത്തറ എസ്ഐ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജൂണ്‍ പത്തിന് നടന്ന വൃദ്ധ ദന്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
അന്നു സംഭവിച്ചത്
നെല്ലിയന്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊലയാളികളെ പിടികൂടാൻ സാധിക്കാത്തത് മൂലം പ്രദേശവാസികളൊന്നാകെ ഭീതിയിലായിരുന്നു.
പ്രദേശവാസികളുടെ ഫിംഗർ പ്രിന്റ്, ഫൂട്ട് പ്രിന്റ്, മറ്റ് തെളിവുകൾ എന്നിവയെല്ലാം പോലീസ് ശേഖരിച്ചാണ് അന്വേഷണം പുരോഗമിച്ചത്.
എന്നാൽ പ്രദേശവാസികളെയാകെ ഭയപ്പാടിലാക്കി വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമങ്ങൾ വർധിച്ചതും അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു.
കൊലപാതകം നടന്ന് ഒരാഴ്ചക്കിടെ പനമരത്ത്് രണ്ട് മോഷണ ശ്രമങ്ങളാണ് നടന്നത്.
പനമരം ചെറുകാട്ടൂർ ആനക്കുഴി മുതിരക്കാല ഫ്രാൻസിസിന്റെ വീട്ടിലും ഇതിന്റെ തലേദിവസം പനമരം മില്ലുമുക്കിലും സമാന രീതിയിൽ മുഖംമൂടി സംഘം കവർച്ചക്ക് ശ്രമിച്ചിരുന്നു.